Advertisement

‘രാജാവെന്ന് വിചാരിക്കുന്ന പിണറായി കിരീടം താഴെവെക്കുക, ജനങ്ങൾ പിറകേയുണ്ട്’; രാഹുൽ മാങ്കൂട്ടത്തിൽ

January 17, 2024
Google News 2 minutes Read

ജീവപര്യന്തം ഒരുക്കിയാലും ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ. ഒന്‍പതുദിവസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള സമരം തുടരും. എത്ര പ്രവർത്തകരെ തല്ലിയൊതുക്കിയാലും ഈ നാടിന് വേണ്ടി സമരം ചെയ്യും. എൻ്റെ അമ്മ അടക്കമുള്ള മുഴുവൻ അമ്മമാരോടും നന്ദി. രാജാവ് എന്ന് വിചാരിക്കുന്ന പിണറായി കിരീടം താഴെവെക്കുക, ജനങ്ങൾ നിങ്ങളുടെ പിന്നാലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ സമരം നടത്തിയ മുഴുവൻ പ്രവർത്തകർക്കും ഹൃദയാഭിവാദ്യം. ആലപ്പുഴയിൽ ഉൾപ്പടെ നര നായാട്ട് നടന്നു. നാടിനു വേണ്ടി മുന്നോട്ടു വെച്ച പോരാട്ടം തുടരും, കൂടുതൽ ശക്തിയായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ജയിലിന് പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.

നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്. രഹുലിനെ സ്വീകരിക്കാനായി ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.

Read Also : പുഷ്പവൃഷ്ടി, സ്വീകരിക്കാൻ നേതാക്കൾ; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍

50000 രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Story Highlights: Youth Congress State President Rahul Mamkootathil Released From Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here