മഹാരാജാസിലെ സംഘർഷം; എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാമെന്ന് അലോഷ്യസ് സേവിയർ
മഹാരാജാസിലെ സംഘർഷം എസ്എഫ്ഐ വിളിച്ചു വരുത്തിയതാണെന്നും ഒരു മാസത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് നടന്നതെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ. എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാം. സംഭവത്തിലേക്ക് കെഎസ്.യുവിന്റെ പേര് വലിച്ചിഴച്ചത് അനാവശ്യമാണ്. മഹാരാജാസിലെ സംഭവങ്ങളിൽ പൊലീസ് എസ്എഫ്ഐ പറയുന്നതു മാത്രം കേൾക്കുകയാണ്. എസ്എഫ്ഐയും ഇടത് അനുകൂലികളായ അധ്യാപകരും ക്യാമ്പസിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവിയർ ആരോപിച്ചു.
മഹാരാജാസ് കോളജിൽ നടന്നത് അതിക്രൂരമായ ആക്രമണമായിരുന്നെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു. ഭാഗ്യംകൊണ്ടാണ് യൂണിറ്റ് സെക്രട്ടറി രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം നടത്താനായി ഫ്രട്ടേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രട്ടേണിറ്റിയിൽ ഉള്ളത്. ഇത്തരം സംഘങ്ങളെയാണ് കെ എസ് യു സംരക്ഷിക്കുന്നത്. ആക്രമണത്തിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിരോധം ഉണ്ടാകും. മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണിതെന്നും ആർഷോ വ്യക്തമാക്കി.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സംഭവത്തിൽ എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആർ. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. വിദ്യാർഥികളുടെ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചിരിക്കുകയാണ്.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here