അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര

അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ചിത്രത്തിലൂടെ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ജയ് ശ്രീരാം എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. പ്രചോദനമാകുന്ന നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടാക്കായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു. (annapoorani movie nayanthara apology)
ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ പിൻവലിച്ചത്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്.
Read Also: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
ജനുവരി 8 ന് നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
ഡിസംബർ 29 നാണ് ‘അന്നപൂർണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ശരാശരി സിനിമയെന്ന അഭിപ്രായങ്ങളാണ് സിനിമകയ്ക്ക് ലഭിച്ചത്.
Story Highlights: annapoorani movie nayanthara apology
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here