ഔദ്യോഗിക വസതി ഒഴിപ്പിക്കുന്നതിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

എം.പി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എം.പി സ്ഥാനം നഷ്ടമായതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു. പാർലമെൻറ് പുറത്താക്കിയതിന് സ്റ്റേ ഇല്ലാത്തതിനാൽ വസതി നിലനിർത്താൻ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. (mahua moitra appeal dismissed)
അടിയന്തരമായി വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടി വരുമെന്ന് കാണിച്ച് എം.പിമാരുടെ വസതിയും കേന്ദ്ര സർക്കാറിന്റെ മറ്റു വസ്തുവകകളും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരുന്നു. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായി ദർശൻ ഹരിനന്ദാനിയിൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയിൽ എത്തിക്‌സ് കമ്മിറ്റി കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയത്.
Read Also: ഔദ്യോഗിക വസതി ഒഴിയണം; മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ഡിസംബർ എട്ടിന് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്‌ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങൾ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോൺ ചെയ്യാറുള്ളത്, ഹോട്ടലിൽ തങ്ങുമ്പോൾ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങൾ എത്തിക്‌സ് കമ്മിറ്റിയിൽ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു.
എത്തിക്‌സ് കമ്മിറ്റി ചെയർമാൻ തന്നെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോർഡ് ചെയ്യാൻ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങൾ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത 24 മണിക്കൂറിലെ അർദ്ധരാത്രിയിലെ ഫോൺകാളുകളുടെ വിവരങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കുമോ എന്നവർ ചോദിച്ചു. അതിന് സമ്മതമല്ലെങ്കിൽ പറ്റില്ല എന്ന് പറയാമെന്നും അവർ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോൾ ഞാൻ അല്ല എന്ന് പറയുകയും ചെയ്താൽ അതിൽ ഒരു പ്രശ്‌നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്‌നം അവിടെ തീർന്നു എന്ന് ഞാൻ കരുതിക്കോളണം എന്നാണോ നിങ്ങൾ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബിജെപി അംഗങ്ങൾ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങൾ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.
Story Highlights: mahua moitra appeal court dismissed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here