Advertisement

ബജറ്റ് ഫെബ്രുവരി അഞ്ചിന്; 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരേ

January 23, 2024
Google News 4 minutes Read
10th Session of 15th Kerala Legislative Assembly from 25th January to 27th March

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതാണ്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണെന്നും സ്പീക്കർ എ.എൻ ഷംസീർ.

ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കുന്നതാണ്. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.

നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2024-25 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ.

ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകള്‍ സംബന്ധിച്ച വിശദാംശം ചുവടെ ചേര്‍ക്കുന്നു.

I ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍:
2024-ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍
2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍
2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍

II പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍:
2023-ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍
2023-ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍
2023-ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍
2023-ലെ കേരള പൊതുരേഖ ബില്‍
2024-ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്മെന്റുകളും ബില്‍

Story Highlights: 10th Session of 15th Kerala Legislative Assembly from 25th January to 27th March

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here