Advertisement

വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

January 24, 2024
1 minute Read
Pinarayi Vijayan

സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്‍റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

  1. ലൈഫ് ഭവന സമുച്ചയം; പുതുക്കിയ ഭരണാനുമതി: തിരുവനന്തപുരം പൂവച്ചൽ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി. 112 ഭവനങ്ങളും 2 അംഗൻവാടിയും ഉൾപ്പെടുന്നതാണ് സമുച്ചയം. സുകുമാരന്‍ വൈദ്യനാണ് സൗജന്യമായി ഭൂമി നല്‍കിയത്.
  2. സാധൂകരിച്ചു: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ച ഉത്തരവ് സാധൂകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, രജിസ്ട്രേഷന്‍, മ്യൂസിയം – ആര്‍ക്കിയോളജി – ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി എട്ടിനായിരുന്നു പുനഃസംഘടന.
  3. വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി: കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ പദ്ധതി പ്രകാരം തുടര്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി നിലവിലുള്ള 24,000 രൂപയില്‍ നിന്ന് 48,000 ഉയര്‍ത്തി നിശ്ചയിച്ചു.
  4. ടെണ്ടര്‍ അംഗീകരിച്ചു: തിരുവനന്തപുരം ജില്ലയിലെ പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡ് നിര്‍മ്മാണത്തിന് നിലവിലുള്ള മാനദണ്ഡത്തില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
  5. പാതയോര അമിനിറ്റി സെന്‍റര്‍: കാസര്‍ഗോഡ് തലപ്പാടിയില്‍ 2.2 ഹെക്ടര്‍ ഭൂമി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ് മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ്ങ് ലിമിറ്റഡിന് പാതയോര അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാന്‍ പതിച്ചു നല്‍കി.
  6. ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിന് അനുമതി: കൊച്ചി മറൈന്‍ഡ്രൈവിലുള്ള കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോര്‍ഡിന്‍റെ ഭൂമിയില്‍ എന്‍.ബി.സി.സി ( ഇന്ത്യ) ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിന് ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിന് അനുമതി നല്‍കി. ഹൗസിങ്ങ് ബോര്‍ഡ് സെക്രട്ടറിക്കാണ് അനുമതി നല്‍കിയത്. വാണിജ്യ സമുച്ചയം, റെസിഡല്‍ഷ്യല്‍ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാര്‍ക്കുകള്‍ തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയിലുള്ളത്.

Story Highlights: Cabinet decisions 24/01/2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top