ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ, ആളപായമുണ്ടായില്ല.
പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്.
പൊലീസ് ട്രെയിനിംഗ് സ്കൂളിൻ്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്‌റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് വകുപ്പ് വ്യക്തമാക്കി. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: fire breaks out at police training school in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here