ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്; ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ
നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്. ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് ചർച്ച നടത്തിയതിനു പിന്നാലെയാണ് ചെക്ക് നൽകിയത്. ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ നൽകാമെന്ന് ബാങ്ക് ഉറപ്പുനൽകി. ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്താണ് 28 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. (karuvannur bank joshi cheque)
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ജോഷി കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിലെത്തിയത്. ബാങ്കിന് മുന്നിൽ ജോഷി കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയാണ് ബാങ്കിൻ്റെ നടപടി. നിക്ഷേപിച്ച 75 ലക്ഷം രൂപ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിൽ 28 ലക്ഷം രൂപ നൽകിയാണ് ബാങ്ക് തത്കാലം തടിയൂരിയത്.
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ ഉറപ്പുനൽകിയിരുന്നു.
ഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ അനുഭവിക്കേണ്ടി വന്നയാളാണ് 53കാരനായ ജോഷി. കുടുംബത്തിൻറെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ ജോഷി പറഞ്ഞത്.
വിഷയത്തിൽ നവകേരള സദസ്സിലും ജോഷി പരാതി നൽകിയിരുന്നു. പ്രതിസന്ധികൾ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂർ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകർത്തതെന്നു ജോഷി കത്തിൽ ആരോപിച്ചിരുന്നു.
Story Highlights: karuvannur bank give joshi 28 lakh cheque
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here