Advertisement

ആകാശം സ്വപ്‌നം കണ്ട കല്‍പന നക്ഷത്രം; ബഹിരാകാശ ദുരന്തത്തിന്റെ ഓർമകൾക്ക് 21 വയസ്

February 1, 2024
Google News 1 minute Read

ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കൽപന ചൗള ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. നാൽപതാം വയസ്സിൽ ബഹിരാകാശപേടകം കത്തിയമർന്ന് കൽപന കൊല്ലപ്പെട്ടെങ്കിലും ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാനാകുമെന്നും കൽപന തെളിയിച്ചു.

അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറം സ്വപ്‌നങ്ങൾ കണ്ടു ആ ഇന്ത്യൻ യുവതി. രണ്ടു വട്ടം നാസയുടെ ദൗത്യത്തിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശസഞ്ചാരിയായി അവർ മാറി. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ ടെക്‌സാസിലെ ആകാശത്ത് കത്തിയമർന്നപ്പോൾ കൽപനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികൾ ഓർമ്മയായെങ്കിലും നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കൽപന ഇപ്പോഴും ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു.

ഹരിയാനയിലെ കർണാലിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽപ്പിറന്ന കൽപന ചൗള സ്വപ്‌നം കണ്ടത് ആകാശയാത്രകളായിരുന്നു. അച്ഛനൊപ്പം അവർ പ്രദേശത്തെ ഫ്‌ളെയിങ് ക്ലബുകളിലെത്തി വിമാനങ്ങളെ പരിചയപ്പെട്ടു. പഞ്ചാബിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയശേഷം ഉന്നതപഠനത്തിനായി അവർ അമേരിക്കയിലേക്ക് പറന്നു. എറോസ്‌പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1997 നവംബറിലായിരുന്നു കൽപനയുടെ ആദ്യ ബഹിരാകാശ ദൗത്യം. ആദ്യ യാത്രയിൽ 376 മണിക്കൂറുകളോളം ബഹിരാകാശത്ത് ചിലവഴിച്ചു. കൽപനയുടെ കഴിവും താൽപര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും കൽപനയെ നാസ അംഗമാക്കുകയായിരുന്നു. 2003 ജനവരി 16 ആരംഭിച്ച രണ്ടാം ദൗത്യത്തിലെ മടക്കയാത്രയിലാണ് കൽപന കൊല്ലപ്പെട്ടത്.

നിലത്തിറങ്ങുന്നതിന് 16 മിനിറ്റുകൾക്ക് മുമ്പാണ് നാസയ്ക്ക് ബഹിരാകാശ പേടകമായ കൊളംബിയയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടത്. വിക്ഷേപണ സമയത്ത് സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. നാൽപതാം വയസ്സിൽ കൽപനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമർന്നുവെങ്കിലും ഇന്ത്യയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നതിന്റെ അടയാളമായി ഇന്നും കൽപന ഓർമ്മിക്കപ്പെടുന്നു.

Story Highlights: Kalpana Chawla Death Anniversary 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here