സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം പൊലീസ് പിടിയിൽ
കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ കോട്ടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസുണ്ട്. തട്ടിപ്പിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ആണ്.
ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനും ഡറക്ടർമാർക്കുമെതിരെയാണ് വഞ്ചന കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് പരാതി. സ്ഥിര നിയമന വാഗ്ദാനം നൽകി ലക്ഷങ്ങൾ സ്ഥിര നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്ന ജീവനക്കാരുടെ പരാതിയുമുണ്ട്.
പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സ്വിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്.
ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.
Story Highlights: Sis bank fraud case, Company CEO Wasim in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here