അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ അമ്പാടി അന്തരിച്ചു

പ്രമുഖ സർജനും അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായിരുന്ന ഡോ. അബ്ദുറഹ്മാൻ അമ്പാടി(68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മലപ്പുറം കക്കാട് സ്വദേശിയാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിനു വെയ്ക്കും. തുടർന്ന് തറവാട് വീട്ടിലെ ദർശനത്തിനു ശേഷം ഖബറടക്കും.
സൗദിയിൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ തുടക്കം മുതൽ സേവനം ചെയ്തിരുന്ന ഡോ അബ്ദുറഹ്മാൻ, സ്ഥാപനത്തിന്റെ വിജയ ശില്പികളിൽ പ്രധാനിയായിരുന്നു എന്ന് അബീർ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് അനുസ്മരിച്ചു. മരണത്തിൽ ആലുങ്ങൽ മുഹമ്മദ് അനുശോചിച്ചു.
കക്കാട് മഹല്ല് മുൻ പ്രസിഡൻ്റ് മർഹൂം അമ്പാടിപോക്കരുട്ടി ഹാജിയുടെ മകനാണ് അബ്ദുറഹ്മാൻ അമ്പാടി. ജിദ്ദയിലെ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപക സർജനാണ്, കക്കാട് – ജിദ്ദ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റാണ്. തിരുരങ്ങാടി പി, എസ്, എം, ഒ കോളജ് പൂർവവിദ്യർത്ഥി സംഘടന ഭാരവാഹിയായിരുന്നു. തിരുരങ്ങാടി എം, കെ ഹാജി ആസ്പത്രി, കിഴിശ്ശേരി അൽ അബീർ ആസ്പത്രി, ചെമ്മാട് ലൈലാസ്, കോട്ടക്കൽ നേ ഹ, വേങ്ങര നഴ്സിംഗ് ഹോം തുടങ്ങിയ ആസ്പത്രികളിൽ സേവനം ചെയ്തു വരികയായിരുന്നു. കലാ-സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.
കക്കാട് കളത്തിൽ തൊടുവിൽ അങ്കൺവാടിക്ക് ഡോക്ടർ സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായിരുന്നു. ഭാര്യ ഹസീന മക്കൾ ഡോ.റൂഹി, സഹ് ല, ലുഖ്മാൻ, അസ്മ, മരുമക്കൾ: ഡോ: അനീസ്, ഡോ, സലീം, സഹോദരങ്ങൾ, ഡോ: അബ്ദുൽ അസീസ്, അബ്ദുലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Story Highlights: Abir Medical Group Medical Director Dr. Abdurrahman Ambadi passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here