കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി.
കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു.
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ഇന്നും ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വയനാട് പുൽപ്പള്ളിയിലാണ് അപകടം നടന്നത്. പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ്ക്ക് (44) ആണ് പരിക്കേറ്റത്. കാട്ടുപന്നി യാദൃശ്ചികമായി റോഡിലേക്ക് ചാടിയതോടെ യുവാവിന്റെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്കും പരുക്കേറ്റിരുന്നു. പോരുവഴി ഇടയ്ക്കാട് പാലത്തിൻ കടവിനു സമീപത്തുള്ള ശാമുവലിനാണ്(65) പരുക്കേറ്റത്. നടുവിന് പരിക്കേറ്റ ഇയാളെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടയ്ക്കാട് പാലത്തിൻ കടവിനു സമീപം പള്ളിക്കലാറിന്റെ തീരത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിടെയാണ് പന്നിയുടെ ആക്രമണമുണ്ടായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here