Advertisement

‘വീൽചെയറിലിരുന്ന് പോലും തൻ്റെ കടമ നിറവേറ്റി, ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർക്കപ്പെടും’: മൻമോഹൻ സിംഗിനെ പ്രശംസിച്ച് മോദി

February 8, 2024
Google News 2 minutes Read
PM Modi praises former PM Manmohan Singh

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീൽചെയറിലിരുന്ന് പോലും തൻ്റെ കടമ നിറവേറ്റിയ വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് ഓർക്കപ്പെടും. ഒരു എംപി തൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിൻ്റെ ഉദാഹരണമാണ് അദ്ദേഹമെന്നും നരേന്ദ്ര മോദി.

കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സംസാരിക്കവെയാണ് മൻമോഹൻ സിംഗ് സഭയ്ക്കും രാജ്യത്തിനും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. താൻ 6 തവണ സഭയിൽ അംഗമായിരുന്നു, ആശയപരമായ വ്യത്യാസങ്ങൾ ഉണ്ട്, എന്നാൽ ആശയപരമായ ഭിന്നതകൾക്ക് ആയുസ്സ് കുറവാണ്. അദ്ദേഹം വലിയ സംഭാവന നൽകിയിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് ഓർക്കപ്പെടുമെന്നും മോദി.

“മറ്റൊരു സഭയിൽ, വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിഞ്ഞിട്ടും ഡോ. മൻമോഹൻ സിംഗ് തൻ്റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന് കരുത്ത് പകരാനാണ് അദ്ദേഹം വന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്”-മോദി പറഞ്ഞു. ഒരു എംപി തൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിൻ്റെ ഉദാഹരണമാണ് മൻമോഹൻ സിംഗ്. അദ്ദേഹം രാജ്യത്തെ നയിച്ച രീതി, ഭരണകാലത്ത് പ്രകടിപ്പിച്ച കഴിവ് എല്ലാം മാതൃകാപരമാണെന്ന് മോദി.

രാജ്യസഭയിലെ 56 അംഗങ്ങളുടെ കാലാവധി ഏപ്രിൽ 2, 3 തീയതികളിൽ അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാർലമെൻ്റ് സമ്മേളനം കൂടിയാണിത്.

  • രാജ്യം ഈ ഭ്രാന്തിനെ ഓർക്കും – ബിജെപി

91 കാരനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വീൽചെയറിൽ രാജ്യസഭയിലെത്തിച്ച് ഡൽഹി സർവീസ് ബില്ലിനെതിരെ വോട്ട് ചെയ്യിച്ചത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യത്തെ പ്രതിപക്ഷം പ്രശംസിച്ചപ്പോള്‍ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് ബിജെപി അന്ന് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം ഓര്‍ക്കുമെന്നും ബിജെപി ആഞ്ഞടിച്ചു. ഇത്രയും മോശം ആരോഗ്യനിലയില്‍ പോലും ഒരു മുന്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ രാത്രി വൈകി വീല്‍ചെയറില്‍ ഇരുത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്നും ഒരു സത്യസന്ധതയില്ലാത്ത കൂട്ടുകെട്ട് നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണിതെന്നും പാര്‍ട്ടി വിമര്‍ശിച്ചു.

Manmohan Singh in Wheel chair
  • ഡൽഹി സർവീസ് ബിൽ

പൊലീസിനുപുറമേ ഡല്‍ഹിയിലെ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡുകളിലും കമ്മിഷനുകളിലും പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. 2023 ലാണ് ഡല്‍ഹി സര്‍വീസ് ബില്‍ എന്നറിയപ്പെടുന്ന ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കിയത്. 131 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. പ്രതിപക്ഷത്തിന് 101 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഫെഡറലിസത്തെ തകര്‍ക്കാനുള്ള ശ്രമമെന്നാരോപിച്ച് പ്രതിപക്ഷവും തലസ്ഥാനത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി ഭരണപക്ഷവും തമ്മില്‍ രാജ്യസഭയില്‍ നടന്ന നീണ്ട വാക്പോരിനൊടുവില്‍ ബില്‍ ശബ്ദവോട്ടോടെയാണ് പാസായത്.

ഗ്രൂപ്പ് എ ഓഫീസര്‍മാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും പ്രത്യേക അതോറിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ക്രമസമാധാന പാലനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് പൂര്‍ണ അധികാരമെന്ന സുപ്രീം കോടതിവിധി വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അധികാര തര്‍ക്കങ്ങളില്‍ കെജ്രിവാള്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്നതായിരുന്നു സുപ്രീം കോടതി വിധി. ഇതിന് പിന്നാലെ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍വീസസ് ബില്‍ (ദ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി ) 2023 ബില്‍) കൊണ്ടുവന്നത്.

Story Highlights: PM Modi praises former PM Manmohan Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here