Advertisement

‘എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ല’: മുഹമ്മദ് റിയാസ്

February 9, 2024
Google News 2 minutes Read
Muhammad Riaz on Financial crisis

സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം-ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം-മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഗുണം നാടിന് തന്നെ ലഭിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണം അടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരകുളം-മുല്ലശേരി റോഡിന്റെ അടുത്ത ഘട്ട നവീകരണത്തിനായി 1.5 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1044 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വഴയില-പഴകുറ്റി റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പ്രധാന ജില്ലാ പാതയായ ശീമമുളമുക്ക്-കല്ലയം റോഡിന്റെ ഒന്നാം ഘട്ടമായ രണ്ടുകിലോമീറ്റര്‍ ദൂരം സംസ്ഥാന സര്‍ക്കാരിന്റെ 2019-20 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചത്. 3.8 മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ റോഡിനെ 5.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയും ഓട, കോണ്‍ക്രീറ്റ് ബീം, സംരക്ഷണ ഭിത്തി, കലുങ്കുകളുടെ നിര്‍മ്മാണം തുടങ്ങിയവ പൂര്‍ത്തിയാക്കുകയും ചെയ്തു.

കൂടാതെ റോഡ് സുരക്ഷയ്ക്കാവശ്യമായ റോഡ് മാര്‍ക്കിംഗ്, സ്റ്റഡ്, ബോര്‍ഡ് തുടങ്ങിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ റോഡിന്റെ രണ്ടാം ഘട്ടമായ 2.5 കിലോമീറ്റര്‍ ദൂരം നവീകരണത്തിനായി 2023-24 ബഡ്ജറ്റില്‍ മൂന്നുകോടി രൂപയാണ് അനുവദിച്ചത്. കരകുളം -മുല്ലശ്ശേരി -വേങ്കോട് റോഡിന്റെ 3.5 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. 2022-23 സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഈ പ്രവൃത്തിക്ക് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളുടെ പുനരുദ്ധാരണത്തോടുകൂടി പ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും സമഗ്ര വികസനം സാധ്യമാകുകയും ചെയ്യും.

Story Highlights: Muhammad Riaz on Financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here