Advertisement

കർഷകരെ തടയാൻ കണ്ണീർ വാതകം പ്രയോഗിച്ചു; ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം

February 13, 2024
Google News 4 minutes Read
Chaos at Haryana-Punjab border, tear gas fired to stop farmers’ march to Delhi

കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വ്യാപകമായി പ്രയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടമായി തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമം. കർഷകർ ഇവിടെയെത്തിയ ലോറികളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാൽനടയായി എത്തുന്ന കർഷകരെ കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. അതേസമയം, ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനത്തിൻ്റെ അതിർത്തികളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നിവയാണ് ആവശ്യങ്ങൾ.

Story Highlights: Chaos at Haryana-Punjab border, tear gas fired to stop farmers’ march to Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here