ലോക്സഭ തെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർത്ഥി പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും, പാലക്കാട് എം. സ്വരാജിന്റെ പേര് ചർച്ചയിൽ

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥി പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികൾ ചേരും. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പേരും പി.കെ ജമീലയുടെ പേരും ചർച്ചയിലുണ്ട്. മറ്റു പേരുകൾക്കൊപ്പമാണ് മന്ത്രിയുടെ പേരും ചർച്ച ആയത്. എന്നാൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പാലക്കാട് എം സ്വരാജിന്റെ പേരും ചർച്ചയിൽ ഉയർന്നു വന്നു. എ വിജയരാഘവനൊപ്പമാണ് സ്വരാജിന്റെ പേരും ചർച്ചയായത്.
21ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയും ചേരും. ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടൻ ജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എല്ലാവർക്കും മുൻപ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും നേട്ടം ഉണ്ടാക്കും. എൽ.ഡി.എഫിന്റെ താഴേത്തട്ട് മുതൽ ചാഴിക്കാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് അംഗീകാരം ലഭിച്ചെന്ന് തോമസ് ചാഴിക്കാടനും പ്രതികരിച്ചു. ജില്ലയിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഒപ്പം ചേർന്നതോടെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും ചാഴിക്കാടൻ ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന് എല്‍.ഡി.എഫ് അനുവദിച്ച ഏക ലോക്‌സഭാ സീറ്റാണ് കോട്ടയം. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചാഴിക്കാടനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനമായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here