നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ?

ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു. പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് താരത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെറും 9 ദിവസങ്ങൾ മാത്രം നീണ്ട ആശുപത്രി വാസം…ഫെബ്രുവരി 16ന് സുഹാനി മരണത്തിന് കീഴടങ്ങി. അതായത്, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് വെറും രണ്ടര മാസത്തിനുള്ളിൽ മരണം…പല ആശുപത്രികൾക്കും രോഗം കണ്ടെത്താൻ പോലും സാധിച്ചില്ല… എന്താണ് യഥാർത്ഥത്തിൽ സുഹാനിയെ കീഴ്‌പ്പെടുത്തിയ ഡെർമാറ്റോ മയോസൈറ്റിസ് ? ( dangal actress Suhani Bhatnagar death reason dermatomyositis )
മസിൽ ഇൻഫ്‌ളമേഷന് കാരണമാകുന്ന അപൂർവ രോഗമാണ് ഡെർമാറ്റാമയോസൈറ്റിസ്. മിന്നിസോട്ടയിൽ 1967നും 2007നും മധ്യേ നടത്തിയ പഠനത്തിൽ പത്ത് ലക്ഷത്തിൽ 9 പേർക്ക് എന്ന നിലയിലാണ് അസുഖം കാണപ്പെടുന്നത്. പേശികൾ തളരുക, തൊലിപ്പുറമെ പാടുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് അസുഖത്തിന്റെ ലക്ഷണങ്ങളായി കണ്ട് വരുന്നത്. ഇതിനോടൊപ്പം തന്നെ അന്നനാളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും, ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ സംഭവിക്കും. സുഹാനിയുടെ ശ്വാസകോശത്തേയും അസുഖം ബാധിച്ചിരുന്നു. താരത്തെ, ശ്വാസകോശത്തിൽ ഫഌയിഡ് നിറഞ്ഞ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു മരണം.
ഡെർമാറ്റോമയോസൈറ്റിസ് വരാൻ പ്രത്യേകിച്ചൊരു കാരണം ചൂണ്ടിക്കാട്ടാനില്ല വൈദ്യശാസ്ത്രത്തിന്. ജനിതക കാരണങ്ങൾ കൊണ്ടും, അണുബാധ, മരുന്നുകൾ, ചില വാക്‌സിനുകൾ, റെഡിയേഷൻ എന്നിവ കൊണ്ടും രോഗം വരാമെങ്കിലും ഇതിനൊന്നും കൃത്യമായ സ്ഥിരീകരണമില്ലെന്ന് യി.എസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തിയതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിൽ നടത്തിയ പഠനം പ്രകാരം വടക്കൻ യൂറോപ്പിനേക്കാൾ ദക്ഷിണ യൂറോപ്പിലാണ് ഡെർമാറ്റോമസയോസൈറ്റിസ് കൂടുതലായി കാണപ്പെട്ടത്. പെൻസിൽവാനിയയിൽ നടത്തിയ പഠനം പ്രകാരം അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തി.
അസുഖം ബാധിച്ച് 65% പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കാണപ്പെടാറുണ്ട്. 34% പേർക്ക് ഭാഗിക വൈകല്യവും, 15% പേർക്ക് വൈകല്യമൊന്നുമില്ലാതെയും ഇരിക്കാറുണ്ട്. 10% ആണ് ഡെർമാറ്റോസൈറ്റിസ് ബാധിച്ചുള്ള മോർട്ടാലിറ്റി റേറ്റ്. അസുഖം ബാധിച്ച് മരണം സംഭവിക്കാനുള്ള പ്രധാന കാരണം, അതിനോടനുബന്ധിച്ച് വരുന്ന മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ടാണ്. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇതിനോടനുബന്ധിച്ച് വരും.
വിവിധ ചികിത്സാ രീതികളിലൂടെയും മരുന്നുകളുലൂടെയും ഡർമാറ്റോമയോസൈറ്റിസിനെ നിയന്ത്രണവിധേയമാക്കാം.
Story Highlights: dangal actress Suhani Bhatnagar death reason dermatomyositis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here