Advertisement

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

February 21, 2024
Google News 3 minutes Read
Pinarayi Vijayan

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ:

  • 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാര്‍ സ്വദേശി ജിജി ടി.ടിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയും ചേര്‍ത്താണ് (SDRF – 1,30,000, CMDRF – 2,70,000) 10 ലക്ഷം രൂപ അനുവദിച്ചത്.
  • കാസര്‍ഗോഡ്, വയനാട് വികസന പക്കേജുകളില്‍പ്പെടുന്ന താഴെപ്പറയുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
  • ബന്തടുക്ക – വീട്ടിയാടി – ചാമുണ്ഡിക്കുന്ന് – ബളാംന്തോഡ് റോഡ് – 8.50 കോടി രൂപ. പെരിയ – ഒടയഞ്ചാല്‍ റോഡ് – 6 കോടി രൂപ. ചാലിങ്കാല്‍ – മീങ്ങോത്ത- അമ്പലത്തറ റോഡ് – 5.64 കോടി രൂപ.
  • ശുദ്ധമായ പാല്‍ ഉല്‍പാദനം/ ശുചിത്വ കിറ്റ് വിതരണം – 4.28 കോടി രൂപ.
  • കേരള ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോയെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം.
  • കേരള സ്റ്റേറ്റ് ഐടി മിഷനില്‍ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്. സനോപ് കെ എ എസിനെ ഒരു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
  • സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്കൂളില്‍ നിലവിലുള്ള, നിശ്ചിത യോഗ്യതയുള്ളതും, പ്രായപരിധിയ്ക്കകത്തുള്ളതുമായ 6 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു.
  • തൃശ്ശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റൈല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 1958 മുതല്‍ താമസിച്ചു വരുന്ന ആറ് കുടുംബങ്ങളിലെ നിയമാനുസൃത അവകാശികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിന് അനുമതി നല്‍കി. വ്യവസ്ഥകള്‍ക്ക് വിധേയമായി വില ഈടാക്കിക്കൊണ്ടാണ് ഭൂമി വിട്ടുനല്‍കുന്നത്.
  • സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
  • മുന്‍സിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള നിയമനത്തില്‍ വിമുക്ത ഭടന്മാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.1991ലെ കേരള ജ്യുഡീഷ്യല്‍ സര്‍വ്വീസ് റൂള്‍ ഭേദഗതി ചെയ്താണ് തീരുമാനം.

Story Highlights: Cabinet status for Chief Principal Secretary to Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here