Advertisement

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍

February 22, 2024
Google News 1 minute Read
Attukal Pongala: Action plan to ensure health services

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. ഫെബ്രുവരി 26 വരെ ഈ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്ര പരിസരത്ത് ഒരു മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്.

നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ഫോര്‍ട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി അത്യാഹിത വിഭാഗത്തില്‍ 100 കിടക്കകളും പൊള്ളലേറ്റാല്‍ ചികിത്സയ്ക്കായി വാര്‍ഡ് 26ല്‍ 30 കിടക്കകളും സജ്ജീകരിക്കും.

ഫെബ്രുവരി 26 വരെ ആരോഗ്യ സേവനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, അറ്റന്റമാരുമടങ്ങുന്ന മെഡിക്കല്‍ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ടീമും പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ 5 ഡോക്ടര്‍മാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കല്‍ ടീം ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് പൊങ്കാല ദിവസം വൈദ്യ സഹായം നല്‍കും.

ഫെബ്രുവരി 26 വരെ രണ്ട് കനിവ് 108 ആംബുലന്‍സുകള്‍ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകളും സ്വകാര്യ ആശുപത്രികളുടെ 7 ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് പോലീസ് വകുപ്പ് നിര്‍ദേശിച്ച 20 അതീവ ജാഗ്രതാ പോയിന്റുകളില്‍ ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനങ്ങളുടെയും ആംബുലന്‍സുകള്‍ 24ന് വൈകുന്നേരം മുതല്‍ സജ്ജമാക്കും.

സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും 3 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ സാനിട്ടേഷന്‍ ടീമും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 7 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ പബ്ലിക് ഹെല്‍ത്ത് ടീമും പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ ആയുര്‍വേദ ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റുമൂം ആറ്റുകാലില്‍ സജ്ജമാക്കിയിട്ടുണ്ട്. 5 പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. രജിസ്‌ട്രേഷനോ, ലൈസന്‍സോ ഇല്ലാത്ത ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പൊങ്കാലയോടനുബന്ധിച്ച് താത്ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നദാനം നടത്തുന്ന എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കൃത്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതുവരെ അന്നദാനം നടത്തുന്ന 365 വ്യക്തികളും സ്ഥാപനങ്ങളും താത്ക്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈല്‍ ലാബിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Story Highlights: Attukal Pongala: Action plan to ensure health services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here