വിവാദകമ്പനിക്ക് ലീസ് നല്‍കിയത് എകെ ആന്റണിയുടെ ഭരണകാലത്ത്; മാസപ്പടിയില്‍ മാത്യു കുഴല്‍നാടനെതിരെ പി രാജീവ്

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. വിവാദ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതെന്നും പി രാജീവ് വ്യക്തമാക്കി.(P Rajeev against Mathew kuzhalnadan)
എ കെ ആന്റണി തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 2004 ല്‍ മൈനിങ്ങ് ലീസ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴല്‍നാടന്റെ വാദം അനുസരിച്ചാണെങ്കില്‍ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ച രാജീവ്, അന്ന് കുഴല്‍നാടന്‍ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
1) വിവാദമായ കമ്പനിക്ക് കേരളത്തിലെ സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ്ങ് ലീസാണ്. 2002ല്‍ ശ്രീ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 15/09/2004 ല്‍ മൈനിങ്ങ് ലീസ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴല്‍നാടന്റെ വാദം അനുസരിച്ചാണെങ്കില്‍ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി.അന്ന് കുഴല്‍നാടന്‍ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ട്? ഇന്നും കുഴല്‍നാടന്‍ ഒന്നും പറഞ്ഞില്ല.
Read Also : വയനാട്ടില്‍ ആനി രാജ; തൃശൂരില്‍ വി എസ് സുനില്‍കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളായി
2) മുഖ്യമന്ത്രി യോഗം വിളിച്ചതിന് ഒറ്റ വാചക വിശദീകരണമാണ് നല്‍കിയതെന്ന അസംബന്ധം പറയുമ്പോള്‍ ഞാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരെങ്കിലും ഉള്ളിലെങ്കിലും പരിഹാസത്തോടെ ചിരിച്ചിട്ടുണ്ടാകും. പൊതുവായ കാര്യങ്ങള്‍ക്കാണ് യോഗം വിളിച്ചതെന്ന് വ്യക്തമാക്കി, യോഗമെടുത്ത തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വായിച്ചതിനുശേഷം ആവശ്യമെങ്കില്‍ നോക്കികൊള്ളാന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ആ യോഗത്തിലെ തീരുമാനങ്ങളിലെ അവസാനത്തേതാണ് സുപ്രീംകോടതി വിധി സംബന്ധിച്ച് അഡ്വേക്കറ്റ് ജനറലിനോട് നിയമോപദേശം തേടണമെന്നത്. കമ്പനിക്കെതിരായി അഡ്വേക്കറ്റ് ജനറല്‍ നിയമോപദേശവും നല്‍കി. ഇത്രയും ബുദ്ധിമുട്ടി, മാത്യു കുഴല്‍നാടന്‍ പറയുന്ന ‘സവിശേഷ അധികാരം’ ഉപയോഗിച്ച് യോഗം വിളിച്ച് ലീസ് നല്‍കേണ്ടതില്ലെന്ന് നിയമോപദേശം അഡ്വേക്കറ്റ് ജനറലിന്റെ കയ്യില്‍നിന്നും വാങ്ങിയെടുത്ത് കമ്പനിയെ സഹായിച്ചുവെന്ന ആരോപണം അസംബന്ധമല്ലേയെന്ന ചോദ്യവും പത്രസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. മറുപടി കണ്ടില്ല.
3) തോട്ടപ്പള്ളിയില്‍ സ്പില്‍വേയില്‍ നിന്നും കരിമണല്‍ എടുത്ത് സി എംആര്‍എല്ലിനു നല്‍കുന്നുവെന്ന ആരോപണത്തിന് നവകേരള സദസ്സില്‍വെച്ച് മറുപടി നല്‍കിയതോടെ അത് ചീറ്റിപ്പോയ പടക്കമായിരുന്നു. തോട്ടപ്പള്ളിയില്‍നിന്നും എടുക്കുന്ന മണലില്‍ 50 ശതമാനം ഐആര്‍ഇയും 50 ശതമാനം കെ എം എം എല്ലും കൈകാര്യം ചെയ്യുന്നു. ഇതില്‍ നിന്നും ശരാശരി 15 ശതമാനം ഇല്‍മനൈറ്റാണ് ലഭിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ലഭിക്കുന്ന മണലില്‍ നിന്നും ഐആര്‍ഇ വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് പൂര്‍ണ്ണമായും കെഎംഎംഎല്ലിനു മാത്രമേ കൊടുക്കാവൂയെന്ന് വ്യവസ്ഥചെയ്യുന്ന എം.ഒ.യു പൊതുയോഗത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിന്റെ കോപ്പിയും കാണിച്ചു. (കോപ്പി പോസ്റ്റിനൊപ്പം കമന്റില്‍ ചേര്‍ത്തിരിക്കുന്നു). അങ്ങനെയൊരു എം.ഒ.യു ഉള്ളപ്പോള്‍ എങ്ങനെ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും ലഭിക്കുന്ന മണലില്‍ നിന്നും പ്രോസസ് ചെയ്യുന്ന ഇല്‍മനൈറ്റ് ഐ ആര്‍ഇ എങ്ങനെ പുറത്തുകൊടുക്കും? സ്വന്തം ആവശ്യത്തിനായി ഐ ആര്‍ഇയില്‍ നിന്നും കൂടി ഇല്‍മനൈറ്റ് വാങ്ങുന്ന കെ എംഎം എല്‍ ആര്‍ക്കും ഇല്‍മനൈറ്റ് വില്‍ക്കുന്നില്ല. പലര്‍ക്കും വിപണിവിലയില്‍ ഇല്‍മനൈറ്റ് വില്‍ക്കുന്ന ഐആര്‍ഇ കേന്ദ്ര പൊതുമേഖലാസ്ഥാപനവുമാണ്. ഇക്കാര്യം വ്യക്തമാക്കിയതിനുശേഷം അതിനോട് പ്രതികരിക്കാതെ പാര്‍ട്ട് 2 എന്ന് പേരിട്ട് ചീറ്റിയ പടക്കം വീണ്ടും കൊണ്ടുവന്നതിനോട് എന്ത് പ്രതികരിക്കാനാണ്?
4) ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലായതുകൊണ്ട് മുഖ്യമന്ത്രിക്ക് അധികാരമില്ലാത്തതുകൊണ്ട് ദുരന്ത നിവാരണ അതോററ്റി ചെയര്‍മാനെന്ന നിലയിലാണ് യോഗം വിളിച്ചതെന്ന് ഒരു എം എല്‍എ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കേണ്ടേ? അല്ലെങ്കില്‍, 2012-ല്‍ തോട്ടപ്പള്ളിയില്‍ സ്പില്‍വേയില്‍ നിന്നു തന്നെ ഐആര്‍ഇക്ക് മാത്രമായി മണല്‍ വാരാന്‍, അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി അനുമതി നല്‍കിയതെങ്ങനെയെന്ന് അന്നത്തെ മന്ത്രിസഭ അംഗങ്ങളോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും. ആ ഫയലും വിവരാവകാശത്തില്‍ കിട്ടും.
5) കൈവശം വയ്ക്കാവുന്നതിന് അപ്പുറത്ത് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയ യുഡിഎഫിന്റെ എംഎല്‍എ ഇപ്പോള്‍ ഇളവ് നല്‍കണമെന്ന അപേക്ഷ തള്ളിയ എല്‍ഡി എഫിനെതിരെ അസംബന്ധവുമായി വന്നാല്‍ എന്ത് സംവാദം നടത്തണം? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്ന നിവേദനങ്ങള്‍ ഓരോന്നും താഴോട്ട് അയക്കുന്നതും മറ്റും സാധാരണ രീതിയാണെന്ന കാര്യമെങ്കിലും അറിയാത്ത മട്ടില്‍ ആവര്‍ത്തിക്കുന്നത് ബോംബാണെന്ന മട്ടില്‍ ആത്മനിര്‍വൃതികൊള്ളാം. നിയമാനുസൃതം രജിസ്റ്റര്‍ചെയ്ത ഏതു സ്ഥാപനത്തിന്റയും വ്യക്തിയുടേയും പരാതി ലഭിച്ചാല്‍ പരിശോധിച്ച് നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ നയം.
Story Highlights: P Rajeev against Mathew kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here