ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായി

ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനാണ് നയാസി.
2016 ൽ ബാംഗ്ലൂരിൽ ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാവായ മുഹമ്മദ് ഗൗസ് നിയാസി. ആർ.എസ്.എസിൻ്റെ ശിവാജിനഗർ ശാഖയുടെ മണ്ഡലം പ്രസിഡൻ്റും ബിജെപി ശിവാജിനഗർ സെക്രട്ടറിയുമായിരുന്നു 35 കാരനായ രുദ്രേഷ്. സംഭവശേഷം രക്ഷപ്പെട്ട നയാസി വിദേശത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പിടിയിലായ നയാസിയുമായി എൻഐഎ സംഘം ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. നിർണായക നടപടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. നയാസിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പിഎഫ്ഐ മൊഡ്യൂളുകൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന.
Story Highlights: Most-Wanted Gangster Arrested In South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here