Advertisement

‘ആമിര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പ്രതികരിച്ചേനെ’; ‘കവിതയുടെ കാര്‍ണിവല്‍’ പരിപാടിയില്‍ തനിക്കൊപ്പമിരുന്ന ഇസ്രയേലി കവി പലസ്തീനിലെ കൂട്ടക്കൊലയെ ന്യായീകരിച്ചതില്‍ സച്ചിദാനന്ദന്‍

March 4, 2024
3 minutes Read
Poet Satchidanandan on social media criticism against Amir Or's comment on Israel

പട്ടാമ്പിയിലെ ഒരു പരിപാടിയ്ക്കിടെ ഒപ്പം വേദി പങ്കിട്ട ഇസ്രയേലി കവി പലസ്തീനിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തെ തിരുത്താത്തതില്‍ കവി സച്ചിദാനന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പട്ടാമ്പി കോളജിലെ കവിതയുടെ കാര്‍ണിവല്‍ പരിപാടിയില്‍ വച്ചാണ് ഇസ്രയേലി കവി ആമിര്‍ ഓര്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കൂട്ടക്കൊലയെ ന്യായീകരിച്ച് സംസാരിച്ചത്. ഗസ്സയുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് ഒരു ചോദ്യമുയര്‍ന്നപ്പോഴാണ് ഇസ്രയേലി കവി ഇസ്രയേല്‍ സൈന്യത്തെ ന്യായീകരിച്ച് സംസാരിച്ചത്. ഇസ്രയേല്‍ കൊലപ്പെടുത്തിയതില്‍ വലിയൊരു ഭാഗവും ജിഹാദികളാണെന്നും അവര്‍ ഗസ്സയിലുള്ളവരെ മനുഷ്യകവചമാക്കിയെന്നുമായിരുന്നു ആമിറിന്റെ പരാമര്‍ശം. വംശഹത്യയെ തനിക്കൊപ്പമിരുന്ന കവി ന്യായീകരിക്കുമ്പോള്‍ മൗനം പാലിച്ച് വേദിയിലിരുന്നതിനാണ് സച്ചിദാനന്ദനെ സോഷ്യല്‍മീഡിയയിലൂടെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്. എന്നാല്‍ സദസ്സിന്റെ ചോദ്യത്തിന് മറുപടിയായി ആമിര്‍ പറഞ്ഞത് ആ സമയത്ത് തനിക്ക് വ്യക്തമായി കേള്‍ക്കാനായില്ലെന്നും കേട്ടിരുന്നെങ്കില്‍ സ്വാഭാവികമായും പ്രതികരിച്ചേനെയെന്നും സച്ചിദാനന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Poet Satchidanandan on social media criticism against Amir Or’s comment on Israel)

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് പല വേദികളിലും പറയാന്‍ താന്‍ മടിച്ചിട്ടില്ലെന്നും ആമിര്‍ പറഞ്ഞത് വ്യക്തമാകാത്തത് കൊണ്ട് മാത്രമാണ് തിരുത്താതിരുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്നലെയും ഇന്നും നാളെയും തന്റെ നിലപാട് ഇസ്രയേലിനെതിരാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. മറ്റൊരു പരിപാടിയ്ക്ക് പോകാനായി തിടുക്കപ്പെടുമ്പോഴാണ് സദസ്സില്‍ നിന്ന് ആ ചോദ്യമുണ്ടാകുന്നത്. ആമിര്‍ സദസ്സിനെ അഭിസംബോധന ചെയ്താണ് ഉടനടി മറുപടി പറഞ്ഞത്. എനിക്ക് ആ സമയത്ത് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിന്നാണ് സംഭവം എനിക്ക് മനസിലാകുന്നത്. ആമിര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ സ്വാഭാവികമായും പ്രതികരിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ഹിറ്റ്‌ലറുടെ ജൂതക്കൂട്ടക്കൊല ഉള്‍പ്പെടെ വേദിയില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സദസ്സില്‍ നിന്ന് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും ചോദ്യമുണ്ടായത്. പലസ്തീനില്‍ നടക്കുന്നതിനെ വംശഹത്യയെന്ന് പറയാനാകില്ലെന്നും കൊല്ലപ്പെട്ട 25000 പേരില്‍ 8000 പേരും ജിഹാദികളാണെന്നായിരുന്നു ആമിറിന്റെ മറുപടി. സാധാരണക്കാരായ മനുഷ്യരെ ഹമാസ് മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു. പത്രത്തില്‍ വരുന്നത് എന്തെങ്കിലും വായിച്ച് മാത്രം പ്രതികരിക്കരുതെന്നും പട്ടാമ്പി കോളജില്‍ ആമിര്‍ പറഞ്ഞു.

Story Highlights: Poet Satchidanandan on social media criticism against Amir Or’s comment on Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top