പൊലീസ് നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം; മുഹമ്മദ് ഷിയാസ്
തനിക്കെതിരായ പൊലീസ് നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപക സംഘങ്ങളെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോതമംഗലത്തേത് ഒരു ജനകീയ വിഷയമാണ്. പൊലീസ് മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. കാട്ടുപോത്തിനെ പോലും അമ്പരിപ്പിക്കുന്ന രീതിയിലാണ് പൊലീസ് ഇന്ന് കോടതിയില്‍ ഇടപെട്ടതെന്നും മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.
‘വന്യജീവി ശല്യം കാരണം നിരവധി കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് വിടുവിട്ട് പോകേണ്ടതായി വന്നിട്ടുണ്ട്. പത്ത് പന്ത്രണ്ട് കൊല്ലമായി ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. മന്ത്രിയും കയ്യൊഴിയുകയാണ്. സര്‍ക്കാരിനോടല്ലാതെ മറ്റാരോടാണ് ഇതെല്ലാം പറയേണ്ടത്? മരിച്ച സ്ത്രീയുടെ കുടുംബത്തിന്റെ സമ്മതം കൂടി കണക്കിലെടുത്താണ് പ്രതിഷേധം നടത്തിയത്. അതിനെ വളരെ മോശമായാണ് സര്‍ക്കാര്‍ നേരിട്ടത്. മൃതദേഹം വലിച്ചിഴച്ചുകൊണ്ട് പൊലീസ് അനാദരവ് കാണിച്ചു. മൃതദേഹവുമായി പ്രതിഷേധിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. കോടതിയില്‍ ഇന്നുണ്ടായത് നാടകീയ രംഗങ്ങളാണ്. മുഖ്യധാരാ പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ പൊലീസ് മനപൂര്‍വ്വം സൃഷ്ടിച്ചതാണ് ഇതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോതമംഗലത്തെ പ്രതിഷേധത്തില്‍ പൊലീസെടുത്ത മുഴുവന്‍ കേസുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. ആദ്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനുമടക്കം ജാമ്യം ലഭിച്ചത്. ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതി മുതല്‍ ഹൈക്കോടതി വരെ ഒറ്റ ദിവസം നിയമയുദ്ധം നടന്നു. ആശുപത്രിയിലെ സംഘര്‍ഷം, പ്രതിഷേധമാര്‍ച്ച്, ക്രമസമാധാന പ്രശ്‌നങ്ങള്‍, മൃതദേഹത്തോടുള്ള അനാദരവ് എന്നിവയിലെടുത്ത രണ്ട് കേസുകളില്‍ ആയിരുന്നു ആദ്യം വാദം കേട്ടത്. പോലീസിന്റെ എതിര്‍പ്പും കസ്റ്റഡി ആവശ്യവും തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ പൊലീസിന്റെ അപ്രതീക്ഷിത നീക്കം.
Read Also : പൊലീസിന് തിരിച്ചടി; ഡിവൈഎസ്പിയെ ആക്രമിച്ച കേസില്‍ മുഹമ്മദ് ഷിയാസിന് ജാമ്യം
പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മുഹമ്മദ് ഷിയാസിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തില്‍ സംഘര്‍ഷം. പൊലീസിനെ തള്ളിമാറ്റി ഷിയാസ് കോടതി മുറിയിലെത്തി. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് നേതാക്കളും കോടതി വളപ്പില്‍ മുഖാമുഖം. വൈകിട്ട് 4.30ഓടെ ഹൈക്കോടതിയില്‍ നിന്നും മൂന്നാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം. പക്ഷേ പോലീസ് വിടാന്‍ ഒരുക്കമായിരുന്നില്ല. ഡിവൈഎസ്പിയെ ആക്രമിച്ചെന്ന അടുത്ത കേസെത്തി. പിന്നാലെ കോടതിയില്‍ കീഴടങ്ങിയ ഷിയാസ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. കാത്തിരിപ്പിനൊടുവില്‍ പോലീസിന് കനത്ത തിരിച്ചടിയോടെ നാലാം കേസിലും ജാമ്യം ലഭിച്ചു. എട്ടര മണിക്കൂര്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തോല്‍വി സമ്മതിച്ച് പൊലീസും മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞു.
Story Highlights: Mohammed shiyas agaisnt police in Kothamangalam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here