Advertisement

ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതി വേണം: എം.എം ഹസ്സൻ

March 7, 2024
Google News 2 minutes Read
MM Hassan

വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പും സംസ്ഥാന സര്‍ക്കാരും 9 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍1 972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനുമെതിരെ ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും അതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയോര ജനതയുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നു വന്യ മൃഗാക്രമണം നിയന്ത്രിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ.മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1972ലെ നിയമം നടപ്പാക്കാന്‍ സംസ്ഥാന വനം വകുപ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയിട്ടുള്ള അധികാരം വിനിയോഗിക്കാനുള്ള ഉത്തരവ് നല്‍കാന്‍ ഇനിയും ഒട്ടും വൈകരുത്. അതോടൊപ്പം സ്വന്തം ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം മലയോര കര്‍ഷകര്‍ക്ക് നല്‍കത്തക്കവണ്ണം കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടണമെന്നും വന്യമൃഗശല്യം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കുകയും അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യാന്‍ ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിയെ നിയോഗിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

പരാജയപ്പെട്ട വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര നടപടികള്‍ സമയബന്ധിതമായി നടകുമെന്ന് മലയോര ജനത വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരിമിതമായ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുകയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര ജനതയെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം വെടിഞ്ഞ് നിയമ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് തുടങ്ങിയവച്ച സമരങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: Killing of life-threatening wild animals requires amendment in law: MM Hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here