Advertisement

‘കരുണാകരനെ തിരിച്ച് കോൺഗ്രസിൽ എത്തിക്കാൻ മകൾ പത്മജ ഇറങ്ങി പുറപ്പെട്ടു’; പത്മജയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടിയെ കണ്ട കഥ ലേഖകൻ എഴുതുന്നു

March 7, 2024
Google News 2 minutes Read
Story of seeing Oommen Chandy for Padmaja; Sanil P Thomas

സനിൽ പി തോമസ്

മുപ്പത്തിയൊന്ന് മാസത്തോളം കോൺഗ്രസിന് പുറത്തുനിന്ന കെ കരുണാകരൻ 2007 ഡിസംബർ 31ന് കോൺഗ്രസിൽ മടങ്ങിയെത്തി. അതിന് ഏതാനും മാസങ്ങൾക്കു മുമ്പ് പത്മജ വേണുഗോപാൽ എന്നെ ഫോണിൽ വിളിച്ചു. സാധാരണ ഉപയോഗിക്കുന്ന നമ്പർ അല്ലായിരുന്നത്. “മനസ്സുകൊണ്ട് ഒരിക്കലും അച്ഛന് കോൺഗ്രസ് വിടാൻ കഴിയില്ല. സംസ്ഥാന നേതാക്കളാണ് അച്ഛൻ്റെ മടങ്ങിവരവിനു തടസം. ഉമ്മൻ ചാണ്ടിയോട് സംസാരിച്ചാൽ പ്രശ്നം തീരും. തെറ്റിധാരണകൾ പറഞ്ഞാൽ തീരും. സനിൽ, ഉമ്മൻ ചാണ്ടിയോട് സംസാരിക്കണം. നമുക്ക് ഒരുമിച്ചുപോയി കാണാം”-പത്മജ പറഞ്ഞു.

പത്മജ എന്നെ ഈ ചുമതല ഏൽപ്പിക്കാൻ രണ്ടു കാരണമുണ്ട്. ഒന്ന്, ഞാൻ കെ കരുണാകരൻ്റെ ജീവചരിത്രകാരനാണ്. രണ്ട്, എൻ്റെ ഭാര്യ ഉമ്മൻ ചാണ്ടിയുടെ അടുത്ത ബന്ധുവാണ്. ഉമ്മൻ ചാണ്ടിയോട് ഫോണിൽ കാര്യം പറഞ്ഞു. “പത്മജയെ കൂട്ടി വീട്ടിൽ വന്നാൽ പത്രക്കാർ അറിയും, അത് വേണ്ട”- ഉമ്മൻ ചാണ്ടി പറഞ്ഞു. കരുണാകരനോട് എന്നും ബഹുമാനമേയുള്ളൂ, അങ്ങോട്ടുപോയി കണ്ടുകൊള്ളാമെന്നും പറഞ്ഞ ഉമ്മൻ ചാണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് കോട്ടയം റയിൽവേ സ്റ്റേഷനിൽ നേരിട്ടു സംസാരിക്കാമെന്നു പറഞ്ഞു. അന്നാണ് ആദ്യമായി ആൾക്കൂട്ടത്തെ ഒഴിവാക്കി ഉമ്മൻ ചാണ്ടി ഏതാനും മിനിറ്റ് സംസാരിച്ചത്.

Oommen chandi and K Karunakaran

“ഡി.ഐ.സിയുമായി സഖ്യമുണ്ടാക്കാതെ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 60 സീറ്റ് എങ്കിലും കിട്ടിയേനെ” ഉമ്മൻ ചാണ്ടി അല്പം രോഷത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. അച്ഛനെ എങ്ങനെയും മടക്കിക്കൊണ്ടുവരണമെന്ന് പത്മജ ആഗ്രഹിക്കുന്നു. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതയ്ക്കണമെന്നാണ് അച്ഛൻ്റെ ആഗ്രഹമെന്ന് പത്മജ പറഞ്ഞത് സൂചിപ്പിച്ചപ്പോൾ ഉമ്മൻ ചാണ്ടി അയഞ്ഞു. അങ്ങോട്ടു പോയി കാണാൻ സന്തോഷമേയുള്ളൂവെന്ന് ആവർത്തിച്ച ഉമ്മൻ ചാണ്ടി, രമേശിനോടും തങ്കച്ചനോടും (പി.പി തങ്കച്ചൻ, അന്ന് യുഡിഎഫ് കൺവീനർ) സംസാരിച്ചിട്ടു പറയാമെന്ന് സമ്മതിച്ചു.

ഏതാനും ദിവസം കഴിഞ്ഞ്, തന്നെ ഫോണിൽ വിളിച്ചാൽ മതിയെന്ന് പത്മജയോട് പറയാൻ ഉമ്മൻ ചാണ്ടി പറഞ്ഞു. പിന്നെയെന്താണ് സംഭവിച്ചതെന്ന് അറിയില്ല. 2007 ഡിസംബർ 31ന്, കരുണാകരൻ്റെ മടങ്ങിവരവ് സോണിയാ ഗാന്ധി അംഗീകരിച്ചതായി കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ഡൽഹിയിൽ പറഞ്ഞു. 2005 മേയ് ഒന്നിനാണ് കരുണാകരൻ കോൺഗ്രസ് വിട്ടത്. കെ മുരളീധരനെ ആറു വർഷത്തേക്ക് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നെങ്കിലും കെ കരുണാകരനെ ഒരിക്കലും പാർട്ടി പുറത്താക്കിയിരുന്നില്ല.

k karunakaran with sonia gandhi

“തെറ്റുപറ്റിയാൽ ഹിമാലയത്തിന് മുകളിൽ കയറിയാലും ഏറ്റുപറയണമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്”-കോൺഗ്രസിൽ നിന്നു മാറി നിന്നതിനെക്കുറിച്ച് ലീഡർ പിന്നീട് പറഞ്ഞു. കരുണാകരനും മുരളിയും കോൺഗ്രസിനെ വിമർശിച്ചു നടന്നപ്പോഴും പത്മജ കോൺഗ്രസ് പ്രവർത്തകയായി തുടരുകയായിരുന്നു. പിന്നെ, ഇപ്പോൾ എന്തു പറ്റി? കെ മുരളീധരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നതിൽ കരുണാകരൻ എതിർപ്പ് പ്രകടിപ്പിച്ചതുപോലെ പത്മജ വേണുഗോപാൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ കെ മുരളീധരനും എതിർപ്പുണ്ടായിരുന്നു.

K Karunakaran and Padmaja Venugopal

“പത്മജ ലോക്സഭയിലേക്ക് മത്സരിക്കാതിരുന്നെങ്കിൽ ഞാൻ വടക്കാഞ്ചേരിയിൽ ജയിച്ചേനെ” 2004ൽ എ.സി മൊയ്തീനോട് 3,715 വോട്ടിന് തോറ്റതിനെക്കുറിച്ച് മുരളീധരൻ പറഞ്ഞത് ഓർക്കുന്നു. മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയാകാനിരിക്കെ പത്മജ കോൺഗ്രസ് വിട്ടതിൽ ജ്യേഷ്ഠനോട് മനസ്സിൽ നീറിപ്പുകഞ്ഞിരുന്ന എന്തെങ്കിലും നീരസം ഉണ്ടായിരുന്നോ? “നിങ്ങൾ എന്നെ ബിജെപിയാക്കി” എന്ന് പത്മജ പറയുമ്പോഴും ഒരു കാര്യം തീർത്തു പറയാം. സോണിയയെ മദാമ്മ എന്ന് വിളിച്ചത് മാഡം എന്നത് മലയാളത്തിൽ പറഞ്ഞതാണ് എന്ന് വ്യാഖ്യാനിക്കാനുള്ള ലീഡറുടെ കുശാഗ്ര ബുദ്ധിയൊന്നും മകൾക്കില്ല. പക്ഷേ, ഒരിക്കൽ കണ്ടുമുട്ടിയവരെ എപ്പോൾ എവിടെ കണ്ടാലും ഓർത്തെടുക്കാനുള്ള അച്ഛൻ്റെ കഴിവ് മകൾക്കാണ് കിട്ടിയിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർത്തിയായി പത്മജയെ പ്രതീക്ഷിക്കുന്നു…

Story Highlights: Story of seeing Oommen Chandy for Padmaja; Sanil P Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here