ഹമാസ് തട്ടിക്കൊണ്ടുപോയി; മെസ്സിയുടെ നാട്ടുകാരിയാണെന്ന് പറഞ്ഞപ്പോൾ വെറുതെ വിട്ടു
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിലെ കിബ്ബട്ട്‌സ് നിർ ഓസിലുള്ള തൻ്റെ വീട്ടിൽ ഹമാസ് ഭീകരർ ഇരച്ചുകയറിയപ്പോൾ, ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസ്സിക്ക് തൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് 90 കാരിയായ അർജൻ്റീനിയൻ വനിത എസ്തർ കുനിയോ കരുതിയിരുന്നില്ല. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന എസ്തർ താൻ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിച്ചു. ഇതുകേട്ട ഹമാസ് ഭീകരൻ എസ്തറിനെ വെറുതെ വിടുക മാത്രമല്ല, അവർക്കൊപ്പം ഒരു സെൽഫിയും എടുത്താണ് തിരിച്ചയച്ചത്.
ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയിലാണ് കുനിയോയുടെ വെളിപ്പെടുത്തൽ. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം, “ഒക്ടോബർ 7-ലെ ശബ്ദങ്ങൾ – അതിജീവനത്തിൻ്റെ ലാറ്റിനോ കഥകൾ”(Voces de 7 de octubre – Latino Stories of Survival) എന്ന ഡോക്യുമെൻ്ററിയിൽ ആ നിർഭാഗ്യകരമായ ദിവസത്തെ നടുക്കുന്ന ഓർമ്മകൾ അവർ വിവരിച്ചു.
“ഒക്‌ടോബർ ഏഴിന് രണ്ട് ഹമാസ് ഭീകരർ എൻ്റെ വാതിലിൽ മുട്ടി. വാതിൽ തുറന്നയുടൻ ഇവർ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികൾ എന്നെയും എൻ്റെ കുടുംബത്തെയും ബന്ദികളാക്കി. നിങ്ങൾ ഫുട്ബോൾ കാണുന്നുണ്ടോ? ഭയം ഉള്ളിൽ ഒതുക്കി ഞാൻ അവരോട് ചോദിച്ചു. അതിൽ ഒരാൾ തലയാട്ടി. ‘മെസ്സി എവിടെ നിന്നാണോ അവിടെ നിന്നാണ് ഞാൻ വരുന്നത്’-ഞാൻ ഉടനെ വിളിച്ചു പറഞ്ഞു”- എസ്തർ കുനിയോ പറയുന്നു.
“എനിക്ക് മെസ്സിയെ ഇഷ്ടമാണ്” ഭീകരരിൽ ഒരാൾ പറഞ്ഞതായും എസ്തർ ഡോക്യുമെൻ്ററിയിൽ പറയുന്നുണ്ട്. തന്നെ വെറുതെ വിട്ട ഭീകരർ തനിക്ക് ഒപ്പം ഒരു വീഡിയോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മടങ്ങിയതെന്നും എസ്തർ കൂട്ടിച്ചേർത്തു. അന്ന് താൻ രക്ഷപ്പെട്ടത് മെസ്സി കാരണമാണെന്ന് താരം അറിയുമെന്ന പ്രതീക്ഷയും അനുഭവം വിവരിച്ചുകൊണ്ട് എസ്തർ പങ്കുവെച്ചു. എസ്തറിൻ്റെ അരികിൽ റൈഫിളും വിജയചിഹ്നവുമായി നിൽക്കുന്ന ഭീകരൻ്റെ വീഡിയോയും ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്തറിൻ്റെ കുടുംബത്തിലെ എട്ട് പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കുടുംബാംഗങ്ങളിൽ ചിലരെ വിട്ടയച്ചെങ്കിലും എസ്തറിൻ്റെ രണ്ട് പേരക്കുട്ടികളും അവരിൽ ഒരാളുടെ കാമുകിയും ഇപ്പോഴും ഗസ്സയിൽ തടവിലാണ്.
Story Highlights: Argentine Woman Told Hamas She Is From Where Messi Is; They Let Her Go
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here