കണ്ണിനുള്ള ചികിത്സ തുടരുന്നു; പിടി സെവൻ കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്

പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവൻ കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്.ആനയെ പിടിക്കുന്നതിന് മുമ്പ് തന്നെ കാഴ്ചക്കുറവ് ഉണ്ടായിരുന്നു. കണ്ണിനുള്ള ചികിത്സ തുടരുന്നുണ്ടെങ്കിലും കാഴ്ചശക്തി തിരികെ കിട്ടിയിട്ടില്ല. നിലവിൽ ശാന്തനായ കൊമ്പനെ വനത്തിലേക്ക് തന്നെ വിടാനാണ് വനംവകുപ്പിന്റെ ആഗ്രഹമെന്ന് ഡിഎഫ്ഓ ജോസഫ് തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു
2023 ജനുവരി 22നാണ് ധോണിയെ വിറപ്പിച്ച പിടി സെവൻ കൊമ്പനെ വനംവകുപ്പ് പിടികൂടി കൂട്ടിലടച്ചത്. ആദ്യം അക്രമകാരിയായിരുന്ന കൊമ്പനിപ്പോൾ ശാന്തനാണ്,ഹൈക്കോടതി നിയോഗിച്ച വിദഗ്ദ സമിതിയാണ് പിടി സെവന്റെ ഇടത് കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. അന്ന് തന്നെ കാഴ്ച വീണ്ടെടുക്കുന്നതിനായുളള ചികിത്സ ആരംഭിച്ചിരുന്നെങ്കിലും അത് സാധ്യമായിട്ടില്ല.
മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കൊമ്പൻ ഫോറസ്റ്റ് സ്‌റ്റേഷനിലെ മര്യാദരാമനാണിപ്പോൾ. നേരത്തെ കുങ്കിയാനയാക്കാൻ പദ്ധതിയിട്ടിരുന്ന കൊമ്പനെ ഇപ്പോൾ വനത്തിലേക്ക് തുറന്ന് വിടാനാണ് വനംവകുപ്പിന്റെ താത്പര്യം. വിദഗ്ദ സമിതി അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം.
Story Highlights: Forest department said that PT 7 elephant sight has not been recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here