‘ബിജെപിയിലേക്ക് ക്ഷണിച്ചു, ഓഫർ നിരസിച്ചതിന് പിന്നാലെ ഇഡി റെയ്ഡ്’; ആരോപണവുമായി കോൺഗ്രസ് എംഎൽഎ

ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ അംബ പ്രസാദിൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഭൂമി, നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. റാഞ്ചിയിലെ എംഎൽഎയുടെ വീട്ടിലും ഹസാരിബാഗിലെ വിവിധ ഇടങ്ങളിലും ഇഡി ഉദ്യോഗസ്ഥർ എത്തി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചതെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
2023ൽ സെൻട്രൽ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിക്കുമെതിരെ ആരോപണവുമായി അംബ പ്രസാദ് രംഗത്തെത്തി. ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ഹസാരിബാഗ് ജില്ലയിലെ ബർകഗാവ് മണ്ഡലത്തിലെ എംഎൽഎ വെളിപ്പെടുത്തി.
“വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് താമര ചിഹ്നത്തിൽ മത്സരിക്കാൻ ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ചു. എന്നാൽ ഞാൻ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിർത്തി. ഛത്രയിൽ നിന്ന് മത്സരിക്കാൻ ആർഎസ്എസ് നേതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു”-കോൺഗ്രസ് എംഎൽഎ ആരോപിച്ചു.
“ഞാൻ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയാണെന്ന് ഞാൻ എന്ന് ബിജെപിക്ക് അറിയാം. കോൺഗ്രസ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് ബർകഗാവ്. ഞാൻ കോൺഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”-അംബ പ്രസാദ് കൂട്ടിച്ചേർത്തു.
Story Highlights: Jharkhand Congress MLA On Probe Agency Raids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here