‘പൗരത്വഭേദഗതി വിജ്ഞാപന ചട്ടം വീണ്ടും അധികാരത്തിലെത്താനുള്ള ബി.ജെ.പി തന്ത്രം’; ഒ.ഐ.സി.സി ഇൻകാസ് ഖത്തർ

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ഒ.ഐ.സി.സി (ഇൻകാസ് ) ഖത്തർ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കികെടുക്കാതെ വർഗീയ അജണ്ട നടപ്പാക്കുമെന്ന വാശിയാണ് സംഘപരിവാർ പ്രകടിപ്പിക്കുന്നതെന്നും ഒ.ഐ.സി.സി ഇൻകാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.വീണ്ടും അധികാരത്തിൽ വരാനുള്ള ബിജെപിയുടെ ധ്രുവീകരണ ആയുധം മാത്രമാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Story Highlights: OICC Incas Qatar About CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here