നൂതന നിര്‍മ്മാണവും ഗുണനിലവാരം കൂടുതലും; ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതിയുമായി പൊതുമരാമത്ത് വകുപ്പ്

പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാന്‍ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിര്‍മ്മാണ രീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് കോണ്‍ക്രീറ്റ് സാങ്കേതിക സംവിധാനം ആണ് കേരളം വികസിപ്പിച്ചത്. പാറയും മണലും ഉള്‍പ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്ന നിര്‍മാണരീതിയാണിത്.(PWD developed a cost-effective bridge construction method)
തിരുപ്പതി, മദ്രാസ് ഐ.ഐ.ടികളുടേയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെയും കോഴിക്കോട് എന്‍.ഐ.ടിയുടേയും സഹകരണത്തോടെയാണ് പുതിയ കണ്ടെത്തല്‍. നൂതന നിര്‍മ്മാണ രീതികള്‍ വികസിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തല്‍.
സിലിക്കണ്‍, ഫെറോസിലിക്കണ്‍ അലോയ് ഉല്‍പ്പാദനത്തിന്റെ ഉപോല്‍പ്പന്നമായി ശേഖരിക്കുന്ന പൊടി രൂപത്തിലുള്ള സിലിക്ക ഫ്യൂം, ഇരുമ്പ് നിര്‍മിക്കുന്ന ബ്ലാസ്റ്റ് ഫര്‍ണസുകളില്‍ നിന്നു ലഭിക്കുന്ന പൊടി രൂപത്തിലുള്ള ഉപോല്‍പന്നമായ ബ്ലാസ്റ്റ് ഫര്‍ണസ് സ്ലാഗ്, സിമന്റ്, സ്റ്റീല്‍ ഫൈബര്‍, മണല്‍ എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍. ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് കോണ്‍ക്രീറ്റ് സാധാരണ കോണ്‍ക്രീറ്റിനെക്കാള്‍ വളരെയധികം ഉറപ്പും ഈടും നല്‍കുന്നുവയാണ്. നിലവില്‍ വാണിജ്യപരമായി ലഭ്യമാകുന്ന കോണ്‍ക്രീറ്റിനെക്കാള്‍ മൂന്നില്‍ ഒന്ന് ചെലവില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത.
പാറ, മണല്‍, സ്റ്റീല്‍ എന്നിവയുടെ ഉപയോഗം പകുതിയോളം കുറയ്ക്കാനും പദ്ധതി ചെലവ് 30 % വരെ കുറയ്ക്കുവാനും ഇതിന്റെ ഉപയോഗത്തിലൂടെ കഴിയും. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് കോണ്‍ക്രീറ്റിന് 150 മെഗാ പാസ്‌കല്‍ വരെ കംപ്രസ്സീവ് സ്‌ട്രെങ്തും 8 മെഗാ പാസ്‌കലിനു മുകളില്‍ ടെന്‍സൈല്‍ സ്‌ട്രെങ്തും ഇതിനുണ്ട്. ഈ മിശ്രിതം ഉപയോഗിച്ച് നിരവധി ഗര്‍ഡറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുകയും മാര്‍ച്ച് മാസം രണ്ടാം വാരം ബലപരിശോധന വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
Read Also നൂതന നിര്‍മ്മാണവും ഗുണനിലവാരം കൂടുതലും; ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതിയുമായി പൊതുമരാമത്ത് വകുപ്പ്
സര്‍ക്കാര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ചുവടുവയ്‌പെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. പാലങ്ങളുടെ നിര്‍മ്മാണത്തിനായി ഈ നൂതന മിശ്രിതം ഉപയോഗിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയെന്നും നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടിന് ഈ കണ്ടുപിടിത്തം ഉപകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Story Highlights: PWD developed a cost-effective bridge construction method
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here