ഇടുക്കി അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഉപ്പുതറ ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലെ മെഡിക്കൽ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ( idukki arakkualam ambulance accident patient died )
ഇടുക്കി മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. കുരുതിക്കളത്തിനും അറക്കുളത്തിനും ഇടയിൽ ആംബുലൻസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു എന്നാണ് സൂചന. നിയന്ത്രണം നഷ്ടമായതോടെ ആംബുലൻസ് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു.
രോഗിയും, ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും തങ്കപ്പൻ മരിച്ചു. മറ്റു മൂന്നുപേരുടെ പരിക്ക് ഗുരുതരമല്ല. ഇവർ ചികിത്സയിലാണ്. മെഡിക്കൽ ആംബുലൻസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിലെ വീഴ്ച മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.
Story Highlights: idukki arakkualam ambulance accident patient died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here