Advertisement

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരിൽ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകമ്പനികളും

March 18, 2024
Google News 1 minute Read
  • 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത് 1000 കോടി

  • ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഏഴ് കമ്പനികൾ മാത്രം വാങ്ങിയത് 250 കോടിയുടെ ഇലക്ടറൽ ബോണ്ട്

മരുന്നുകളുടെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഏഴ് സ്ഥാപനങ്ങളടക്കം 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത് 1000 കോടി. ഗുണനിലവാരമില്ലാത്ത മരുന്നുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ആണ് ഏഴ് കമ്പനികൾ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. തിരിച്ചറിയൽ കോഡ് കൂടി പുറത്തുവരുന്നതോടെ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരും.

ഹെറ്റ്റൊ ലാബ്സ് & ഹെറ്റ്റൊ ഹെൽത്കെയർ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഹെറ്റ്റൊ ലാബ്സ് & ഹെറ്റ്റൊ ഹെൽത്കെയർ. 60 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് കമ്പനി വാങ്ങിയത്. 2021ൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്തിച്ചതിന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതർ ആറ് നോട്ടീസുകൾ നൽകിയിരുന്നു. കൊവിഡ് 19 ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന റെംഡെസിവിർ എന്ന ആൻ്റിവൈറൽ മരുന്നുമായി ബന്ധപ്പെട്ടാണ് മൂന്ന് നോട്ടീസുകൾ ഇഷ്യൂ ചെയ്തത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ ക്ലിയർ ദ്രാവകത്തിന് പകരം മഞ്ഞനിറത്തിലുള്ള ദ്രാവകം കണ്ടെത്തി. 2021ൽ ഇതിൻ്റെ പേരിൽ കമ്പനിക്ക് നോട്ടീസയച്ചു. രണ്ടാമത്തെ സാമ്പിളിൽ ആവശ്യമായ അളവിൽ മരുന്നിൻ്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിനാൽ ഇതേവർഷം ഒക്ടോബറിൽ കമ്പനിക്ക് നോട്ടീസ് നൽകി. എന്നാൽ മൂന്നാമത്തെ റെംഡെസിവിർ സാമ്പിൾ വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെ 2021 ഡിസംബറിൽ കമ്പനിക്ക് അധികൃതർ നോട്ടീസ് നൽകി.
വ്യാജമരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ നിയമം ഉണ്ടെങ്കിലും തെലങ്കാനയിലെ ഡ്രഗ് റെഗുലേറ്റർ ഹെറ്റ്റോയ്ക്കെതിരെ നടപടിയെടുത്തില്ല. മഹാരാഷ്ട്രയിൽ വ്യാജമാണെന്ന് കണ്ടെത്തിയ മരുന്നുകളുടെ ബാച്ച് കമ്പനി തിരിച്ചുവിളിച്ചു.

ഹെറ്റ്റോയുടെ ആൻ്റിഫംഗൽ മരുന്നായ ഇറ്റ്ബോർ ക്യാപ്സ്യൂൾ, ബാക്ടീരിയൽ ഇൻഫെക്ഷന് ഉപയോഗിക്കുന്ന മോണോസെഫ് ഗുണനിലവാരമില്ലെന്ന് 2021ൽ കണ്ടെത്തി. 2022 ഏപ്രിലിൽ ഹെറ്റ്റോ 39 കോടിയുടെ ബോണ്ട് വാങ്ങി. 2023 ജൂലൈയിൽ 10 കോടി രൂപയുടെയും 2023 ഒക്ടോബറിൽ 11 കോടി രൂപയുടെയും ഇലക്ടറൽ ബോണ്ടുകളാണ് ഹെറ്റ്റോ വാങ്ങിയത്.

റ്റൊറൻ്റ് ഫാർമ

2019 മെയ് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 77.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.

2018ൽ ആൻ്റിപ്ലേറ്റ്ലെറ്റ് മരുന്നായ ഡിപ്ലാറ്റ്-150 സാലിസിലിക് ആസിഡ് പരിശോധനയിൽ പരാജയപ്പെട്ടു. തുടർന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2018-ൽ ഈ മരുന്നിന് ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചു. 2019 സെപ്റ്റംബറിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ലോസർ എച്ച് എന്ന മരുന്ന് ഗുണനിലവാരമില്ലാത്തതാണെന്ന് ഗുജറാത്ത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി.

2019 ഒക്ടോബറിൽ റ്റൊറൻ്റ് ഫാർമ നിരന്തരം ക്വാളിറ്റി ടെസ്റ്റിൽ പരാജയപ്പെടുന്നതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റ്റൊറൻ്റ് ഫാർമയ്ക്ക് നോട്ടീസ് നൽകി. സാധാരണഗതിയിൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കേണ്ടതാണ്. എന്നാൽ ഗുജറാത്ത് ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല.

2021 ഡിസംബറിൽ ഹൃദ്രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് നിക്കോറൻ എൽവി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തി. 2023 ഫെബ്രുവരിയിൽ വയറിളക്കം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ലോപാമൈഡ് മരുന്ന് ഡിസൊല്യൂഷൻ പരിശോധനയിൽ പരാജയപ്പെട്ടു.

റ്റൊറൻ്റ് ഫാർമ 2019 മെയ്, ഒക്ടോബർ മാസങ്ങളിലായി 12.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. 2021 ഏപ്രിലിൽ 7.50 കോടി, 2022 ജനുവരി, ഒക്ടോബർ മാസങ്ങളിലായി 25 കോടിയുടെയും 2023 ഒക്ടോബറിൽ 7 കോടിയുടേയും ബോണ്ടുകൾ വാങ്ങി. 2024 ജനുവരിയിൽ 25.5 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയാണ് റ്റൊറൻ്റ് ഫാർമ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്.

സൈഡസ് ഹെൽത്ത്കെയർ

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് ഹെൽത്ത്കെയർ കമ്പനി 2022, 2023 കാലയളവിൽ 29 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.

സൈഡസ് കമ്പനി ഉത്പാദിപ്പിച്ച റെംഡെസിവിർ മരുന്നിൻ്റെ ഒരു ബാച്ചിൽ ബാക്ടീരിയൽ എൻഡോടോക്‌സിൻ്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ബിഹാർ ഡ്രഗ് റെഗുലേറ്റർ മരുന്നിന് ഗുണനിലവാരമില്ലെന്ന് പ്രഖ്യാപിച്ചു.നിരവധി രോഗികൾക്ക് ഈ മരുന്ന് ഉപയോഗിച്ചതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി. എന്നാൽ ഗുജറാത്ത് ഡ്രഗ് റെഗുലേറ്റർ പ്രശ്നമുള്ള ബാച്ചിലെ മരുന്നിൻ്റെ സാമ്പിൾ പരിശോധിക്കാനോ സൈഡസിനെതിരെ നടപടി സ്വീകരിക്കാനോ തയ്യാറായില്ല.

ഗ്ലെൻമാർക്ക്

മരുന്നുകൾക്ക് ഗുണനിലവാരമില്ലാത്തതിൻ്റെ പേരിൽ 2022, 2023 വർഷങ്ങളിൽ അഞ്ച് നോട്ടീസാണ് കമ്പനിക്ക് ലഭിച്ചത്. ഇതിൽ നാലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആണ് പുറപ്പെടുവിച്ചത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന റ്റെൽമ എന്ന മരുന്നിന് ഗുണനിലവാരമില്ലെന്നും ഇവർ കണ്ടെത്തിയിരുന്നു. 2022 നവംബറിൽ ഈ കമ്പനി 9.75 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.

സിപ്ല

2018 മുതൽ 2022 വരെയുള്ള കാലത്ത് സിപ്ലയ്ക്ക് നാല് കാരണം കാണിക്കൽ നോട്ടീസാണ് ലഭിച്ചത്. 2018 ഓഗസ്റ്റിൽ സിപ്ലയുടെ ആർസി കഫ് സിറപ്പ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. 2019ൽ സിപ്ല 14 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 2021 ജൂലൈയിൽ, സിപ്ലയുടെ റെംഡെസിവിർ മരുന്നായ സിപ്രേമിക്ക് രണ്ട് തവണ നോട്ടീസ് ലഭിച്ചു. ഹെറ്ററോയെപ്പോലെ,സിപ്രേമിയിലും ആവശ്യമായ അളവിൽ റെംഡെസിവിറിൻ്റെ അളവ് കുറവാണെന്ന് കണ്ടെത്തി.2022 നവംബറിൽ സിപ്ല 25.2 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.

IPCA ലബോറട്ടറീസ് ലിമിറ്റഡ്

2018 ഒക്‌ടോബറിൽ,ആൻ്റി പാരസൈറ്റിക് മരുന്നായ ലാരിയാഗോയ്ക്ക് ആവശ്യമായ അളവിൽ ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മുംബൈ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ ഫ്ലാഗ് ചെയ്ത മരുന്ന് ഐപിസിഎയുടെ ഡെറാഡൂണിലെ പ്ലാൻ്റിലാണ് നിർമ്മിച്ചത്. 2022 നവംബർ മുതൽ 2023 ഒക്ടോബർ വരെയുള്ള സമയത്തിനിടെ IPCA ലബോറട്ടറീസ് ലിമിറ്റഡ് 13.5 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.

ഇൻ്റാസ് ഫാർമസ്യൂട്ടിക്കൽസ്

2020ൽ ഇൻ്റാസ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഇനാപ്രിൽ-5 ടാബ്‌ലറ്റ് ഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ ഡിസൊല്യൂഷൻ പരിശോധനയിൽ പരാജയപ്പെട്ടു. 2022 ഒക്ടോബറിൽ ഇൻ്റാസ് ഫാർമസ്യൂട്ടിക്കൽസ് 20 കോടി രൂപയ്ക്ക് ഇലക്ടറൽ ബോണ്ട് വാങ്ങി.

നിയമം അപര്യാപ്തം

ഡ്രഗ്സ് ആൻ്ഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന് മാനുഫാക്ചറിങ് യൂണിറ്റുകൾ പരിശോധിക്കാനും വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും അധികാരമുണ്ട്. എന്നാൽ, മാനുഫാക്ചറിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ഫാക്ടറി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിനോ കേന്ദ്രസർക്കാരിനോ മാത്രമാണ് അധികാരം. കുറച്ചുകാലങ്ങളായ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗം ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള മരുന്നുകൾ മരണത്തിനും അണുബാധയ്ക്കും കാരണമായിട്ടുണ്ട്. കഫ് സിറപ്പുകളും കണ്ണിലിടുന്ന ഓയ്മെൻ്റുകളും പല രാജ്യങ്ങളും നിരോധിച്ചിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുൾപ്പടെ മരുന്നിൻ്റെ ഗുണനിലവാരമില്ലായ്മയെപ്പറ്റി മുന്നറിയിപ്പുകൾ രാജ്യത്തിന് നൽകിയെങ്കിലും സർക്കാരിൻ്റെ ഭാഗത്തുനിന്നും നടപടികൾ ഒന്നുമുണ്ടായില്ല.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നു കമ്പനികൾ ഉൾപ്പടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നത് ശിക്ഷാ നടപടികളിൽ നിന്ന് തലയൂരാൻ വേണ്ടിയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നയരൂപീകരണം നടത്തുന്നതിന് വേണ്ടിയാണെന്നും ഇതിൻ്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും മെഡിക്കൽരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here