Advertisement

‘മോദിക്ക് ഭയം, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; കെജ്രിവാളിന്റെ അറസ്റ്റിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്ത്യാ മുന്നണി

March 21, 2024
Google News 3 minutes Read
india alliance says we will fight arvind kejriwal arrest

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ആം ആദ്മി പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ഇന്ത്യ മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് മുതലായ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളെല്ലാം ഇ ഡിയുടെ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. (india alliance says we will fight arvind kejriwal arrest)

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇത് ജീവനില്ലാത്ത ജനാധിപത്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭയചകിതനായ ഏകാധിപതി ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി, പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്ന് പണം തട്ടുക, മുഖ്യപ്രതിപക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുക എന്നിവ പോരാതെ ഇപ്പോള്‍ ആ പൈശാചികശക്തി ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

കെജ്രിവാളിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭയമാണ് ഇവിടെ തെളിയുന്നതെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇ ഡിയുടെ നടപടി ഞെട്ടിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രതികരണം. ഈ ഗൂഢാലോചനയെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്വന്റിഫോറിലൂടെ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് ഡിഎംകെ ആരോപിച്ചു. തോല്‍വി ഭയന്നാണ് തിടുക്കത്തില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രം നീക്കം നടത്തിയതെന്ന് സമാജ്വാദി പാര്‍ട്ടിയും പ്രതികരിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ആര്‍ജെഡിയുടെ പ്രതികരണം. കേന്ദ്രത്തിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയെന്ന് പിഡിപിയും കുറ്റപ്പെടുത്തി.

കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി നേതാക്കളും മന്ത്രിമാരുമായ സഞ്ജയ് സിംഗും മനീഷ് സിസോദിയയും മുന്‍പ് അറസ്റ്റിലായിരുന്നു. കേസില്‍ ഇ ഡി അയച്ച ഒന്‍പതാം സമന്‍സും കെജ്രിവാള്‍ അവഗണിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെജ്രിവാളിനെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് കെജ്രിവാളിനെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തടയിടാന്‍ ഡല്‍ഹി പൊലീസ് ശ്രമിച്ചുവരികയാണ്.

Story Highlights : india alliance says we will fight arvind kejriwal arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here