Advertisement

ഉവൈസിയെ മറിച്ചിടാൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും പൂഴിക്കടകൻ; ചരിത്രം മാറുമോ?

March 26, 2024
Google News 2 minutes Read

നാല് തുടർ തെരഞ്ഞെടുപ്പുകളിലെ അസദുദ്ദീൻ ഉവൈസിയുടെ വിജയഗാഥ ഇക്കുറി ആവർത്തിക്കാതിരിക്കാൻ മണ്ഡലത്തിൽ പുതുമുഖമായ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിച്ച ബിജെപിക്ക് പിന്നാലെ അതേ തന്ത്രവുമായി കോൺഗ്രസും. 2004 മുതൽ 2024 വരെ നടന്ന എല്ലാ പൊതുതെരഞ്ഞെടുപ്പിലും ജയം മാത്രം നേടിയ ഉവൈസിക്ക് ഇക്കുറിയും ഹൈദരാബാദ് മണ്ഡലത്തിൽ വെന്നിക്കൊടി പാറിക്കാനാവുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

സുപ്രീം കോടതി അഭിഭാഷകയായ ഷഹനാസ് തബാസുമിനെയാണ് തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലെ വിവരം. തെലങ്കാന വഖഫ് ബോർഡ് സിഇഒ ഖാജ മൊയ്‌നുദ്ദീൻ്റെ ഭാര്യയായ ഇവർ സ്ഥാനാർത്ഥിയായാൽ, പുതുമുഖം എന്ന വിശേഷണം കൂടി സ്വന്തമാകും. എന്നാൽ കോൺഗ്രസിന് ഒരു പടി മുന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ബിജെപി, ഹൈദരാബാദിലെ വിരിഞ്ചി ആശുപത്രി ചെയർപേഴ്‌സൺ കെ മാധവി ലതക്കായി പ്രചാരണവും തുടങ്ങി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ജയസാധ്യത കൂടുതലുള്ള സ്ഥാനാർത്ഥികളുടെ ഗണത്തിലാണ് അസദുദ്ദീൻ ഉവൈസി. 2019 ൽ ഹൈദരാബാദിൽ 2.82 ലക്ഷം വോട്ട് നേടിയാണ് എഐഎംഐഎം നേതാവ് ജയിച്ചത്. കണക്കുകളെ പരിഗണിക്കാത്ത കോൺഗ്രസ് ക്യാമ്പ്, ലോക്‌സഭാ മണ്ഡലത്തിൽ ഉവൈസിക്കെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്നും ഇത് മുതലാക്കാൻ തബാസുമിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രജിസ്റ്റർ ചെയ്യാത്ത, ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഓൾ ഇന്ത്യ ആസാദ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും ദേശീയ പ്രസിഡൻ്റുമാണ് നിലവിൽ ഷഹനാസ് തബാസും. 

അതേസമയം ഹൈദരാബാദിലെ യകുത്‌പുര എന്ന സ്ഥലത്ത് ജനിച്ചു വളർന്ന കെ മാധവി ലതയ്ക്ക് പ്രാദേശിക പിന്തുണ അനുകൂലമാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ഇവർ മുത്തലാഖിനെതിരെ ഹൈദരാബാദിൽ അതിശക്തമായ പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്നു. മദ്രസകളിൽ കുട്ടികൾ നേരിടുന്ന അതിക്രമത്തിനെതിരെയും ക്ഷേത്ര സ്വത്ത് കൈയ്യേറുന്നതിനെതിരെയും നിരന്തരം ശബ്ദമുയർത്തുന്നയാളുമാണ്. ഈ നിലയിൽ ധീര ഹിന്ദു വനിതയെന്ന ഖ്യാതി നേടിയ അവർക്ക് വോട്ടർമാരെ സ്വാധീനിക്കാനാവുമെന്ന് ബിജെപി കണക്കാക്കുന്നു. സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാൻ ഇവർക്ക് സാധിക്കുമെന്നും ബിജെപി കരുതുന്നു. എന്നാൽ ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറുമായുള്ള അടുത്ത ബന്ധമാണ് മാധവി ലതയ്ക്ക് സീറ്റ് ലഭിക്കാൻ കാരണമെന്നാണ് പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ. ഇന്ദ്രേഷ് കുമാർ സംഘപരിവാർ അനുകൂല മുസ്ലിം രാഷ്ട്രീയ മഞ്ചിൻ്റെ തലവനുമാണ്. 

അസദുദീൻ ഉവൈസി 2004 ൽ എംപിയാകുന്നതിന് മുൻപ്, 1984 മുതൽ മണ്ഡലത്തിൽ തുടർച്ചയായി ജയിച്ചത് അദ്ദേഹത്തിൻ്റെ പിതാവ് സലാഹുദ്ദീനായിരുന്നു. 60% ജനപിന്തുണയോടെയാണ് അദ്ദേഹമിവിടെ വിജയിച്ചത്. 2004 ൽ രണ്ട് ലക്ഷം വോട്ട് ഭൂരിപക്ഷം നേടി ജയിച്ച ഉവൈസി, 2009 ൽ 1.13 ലക്ഷം ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങിയിരുന്നു. അന്ന് തെലുഗുദേശം പാർട്ടി പ്രമുഖ ഉർദു ദിനപ്പത്രം സിയാസതിൻ്റെ എഡിറ്റർ സഹിദ് അലി ഖാനെ മത്സരിപ്പിച്ചതാണ് ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത്. പിന്നീട് 2014 ൽ 2.02 ലക്ഷം വോട്ടിന് ജയിച്ച അദ്ദേഹം 2019 ൽ തൻ്റെ ഭൂരിപക്ഷം വീണ്ടും ഉയർത്തിയിരുന്നു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന എട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജയിച്ചത് എഐഎംഐഎം സ്ഥാനാർത്ഥികളാണ്. എട്ടാമത്തെ ഗോശാമഹൽ മണ്ഡലത്തിൽ ബിജെപിയാണ് ജയിച്ചത്. എഐഎംഐഎം ജയിച്ച് ഏഴിൽ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ 1999 മുതൽ ജയിച്ചുവരുന്ന ചന്ദ്രയൻഗട്ടിലാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം (81660) നേടാനായത്.  1994 ൽ ചാർമിനാർ അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിച്ചാണ് ഉവൈസി പാർലമെൻ്റ് രാഷ്ട്രീയത്തിലേക്ക് കടന്നത്.

Story Highlights : Congress named Shahanaz Thabassum against Owaisi in Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here