Advertisement

‘റാബ്‌റി ദേവിയെപ്പോലെ ആകാനുള്ള ശ്രമമാണ്’; സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകാൻ പരിശ്രമം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി

March 29, 2024
Google News 3 minutes Read
Hardeep Singh Puri says Sunita Kejriwal is trying to hold Delhi CM post

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ സുനിത കെജ്രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി. സുനിത കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാനുള്ള പരിശ്രമം തുടങ്ങിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുമായി സുനിതയെ താരതമ്യം ചെയ്യുകയും ചെയ്തു.(Hardeep Singh Puri says Sunita Kejriwal is trying to hold Delhi CM post)

സുനിത കെജ്രിവാൾ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. റവന്യൂ സർവീസിൽ നിന്ന് ഇപ്പോൾ ഉയർന്ന പദവിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് മാഡം. ഒൻപത് തവണ കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും മറുപടി നൽകാത്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇഡി പോയത്. റവന്യു സർവിസിൽ സുനിതയും കെജ്രിവാളും സഹപ്രവർത്തകർ മാത്രമായിരുന്നില്ലെന്നും എല്ലാവരെയും അവർ പാർശ്വവത്ക്കരിച്ചെന്നും ഹർദിപ് സിങ് പുരി പറഞ്ഞു.

അതിനിടെ ഇഡി കസ്റ്റഡിയിലുള്ള തന്റെ ഭർത്താവിനെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് സുനിത കെജ്‌രിവാൾ ഒരു വാട്ട്‌സ്ആപ്പ് കാമ്പെയ്‌നും ആരംഭിച്ചു. മാർച്ച് 21ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ കോടതി നീട്ടി.

ഇന്ത്യൻ റവന്യൂ സർവ്വീസിൽ (ഐആർഎസ്) 1994 ബാച്ചിലെ ഉദ്യോഗസ്ഥയാണ് സുനിത. 22 വർഷം ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിൽ ജോലിചെയ്തു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് 1995 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാളുമായി കണ്ടുമുട്ടിയത്. 2016ൽ സുനിത വോളന്ററി റിട്ടയർമെന്റെടുത്തു. വിരമിക്കുമ്പോൾ ഇൻകം ടാക്‌സ് അപ്പല്ലെറ്റ് ട്രിബ്യൂണൽ കമ്മീഷണർ ആയിരുന്നു. അഴിമതിരഹിത ഇന്ത്യ മൂവ്‌മെന്റ് മുതൽ ഇന്നുവരെയും അരവിന്ദ് കെജ്രിവാളിനൊപ്പം സുനിത കെജ്രിവാളും നിലകൊണ്ടു.

Read Also: കെജ്‌രിവാളിന് പകരം സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം

ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിലെ അറസ്റ്റിനെ തുടർന്ന് രാജിവച്ചതോടെയാണ് റാബ്‌റി ദേവി ആ സ്ഥാനത്തെത്തുന്നത്. 1997ൽ ബിഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി റാബ്‌റി ദേവി സ്ഥാനമേറ്റെടുത്തു. 2005വരെ റാബ്‌റി ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ പലതവണ കേന്ദ്രത്തിനും അന്വേഷണ ഏജൻസികൾക്കുമെതിരെ സുനിത കെജ്രിവാൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെയാണ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ വരുന്നത്.

Story Highlights : Hardeep Singh Puri says Sunita Kejriwal is trying to hold Delhi CM post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here