Advertisement

എന്തുകൊണ്ട് നീരജ് ചോപ്രയില്ല? ഒളിംപിക്‌സിലെ ഇന്ത്യന്‍ പതാകവാഹകനെ ചൊല്ലി തര്‍ക്കം

March 30, 2024
Google News 3 minutes Read
Sharath Kamal will carry the Indian flag at the upcoming Paris 2024 Olympics

ജൂലൈയില്‍ തുടങ്ങുന്ന പാരിസ് ഒളിംപിക്‌സില്‍ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ടേബിള്‍ ടെന്നിസ് താരം ശരത് കമലിനെ തിരഞ്ഞെടുത്തതില്‍ എതിര്‍പ്പുമായി ഒരു പറ്റം കായിക താരങ്ങള്‍.കമലിനല്ല, നീരജ് ചോപ്രയ്ക്കായിരുന്നു ഈ ചുമതല നല്‍കേണ്ടതെന്ന പരസ്യ പ്രതികരണവുമായി ആദ്യം രംഗത്തു വന്നത് അഞ്ജു ബോബി ജോര്‍ജാണ്. ഏതൊരു ഇന്ത്യക്കാരനും ചോദിക്കുന്നതു തന്നെയാണ് അഞ്ജുവും ചോദിച്ചത് . കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സമിതിയില്‍, സി.ഇ.ഒ.നിയമനത്തെ ചോദ്യം ചെയ്തവരില്‍ ചിലര്‍ ശരത് കമലിനെ തിരഞ്ഞെടുത്തതിന്നെയും എതിര്‍ത്തതായി അറിയുന്നു. (Sharath Kamal will carry the Indian flag at the upcoming Paris 2024 Olympics)

ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് അല്ലേ പാരിസില്‍ ഉദ്ഘാടത്തിന് ദേശീയ പതാക പിടിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. അത്‌ലറ്റിക്‌സ് തുടങ്ങാന്‍ വൈകുന്നതിനാല്‍ ഉദ്ഘാടനത്തിനു വേണ്ടി നീരജ് നേരത്തെ എത്തേണ്ടതില്ല എന്നതാണോ തീരുമാനത്തിനു പിന്നില്‍ എന്ന് അറിയില്ല. പക്ഷേ, മുന്‍ കാല ചരിത്രം നോക്കിയാല്‍ നീരജിനെ തഴഞ്ഞതില്‍ പുതുമയില്ലതാനും. 2008 ല്‍ ബെയ്ജിങ്ങില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്ര 2016ല്‍ റിയോയില്‍ ആണ് ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക പിടിച്ചത്.2012 ല്‍ ലണ്ടനില്‍ ഈ ഭാഗ്യം, 2008 ല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ സുശീല്‍ കുമാറിന് ആയിരുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

1996 ല്‍ അറ്റ്‌ലാന്റയില്‍ വെങ്കലം നേടിയ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്‌സ് 2000 ത്തില്‍ സിഡ്‌നിയില്‍ പതാകയേന്തിയതും 2004ല്‍ ആഥന്‍സില്‍ ഷൂട്ടിങ്ങില്‍ വെള്ളി നേടിയ രാജ്യവര്‍ധന്‍ സിങ് രാത്തോഡ് തൊട്ടടുത്ത ഒളിംപിക്‌സില്‍ പതാക പിടിച്ചതുമാണ് വ്യത്യസ്തമായ അനുഭവം. എന്നാല്‍ 2000 ത്തില്‍ സിഡ്‌നിയില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കല്ല, അഞ്ജുവിനാണ് 2004ല്‍ പതാകയേന്തന്‍ ഭാഗ്യമുണ്ടായത്. ഇത് ഒരു പക്ഷേ, ഭാരോദ്വഹന മത്സരങ്ങള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കര്‍ണത്തിന് വിശ്രമം നല്‍കാന്‍ ചെയ്തതാകണം.

1920ല്‍ ആണ് ഇന്ത്യ ആദ്യമായി ഒളിംപിക്‌സില്‍ ടീമിനെ അയച്ചത്.അതാകട്ടെ ജംഷഡ്ങിജി ടാറ്റ സ്വന്തം ചെലവില്‍ ഏതാനും താരങ്ങളെ അയച്ചതാണ്. അന്ന് 100 മീറ്റര്‍ ഓട്ടക്കാരന്‍ പൂര്‍മ ബാനര്‍ജി പതാക പിടിച്ചതായി കാണുന്നു. 1928 മുതല്‍ ഒളിംപിക്‌സില്‍ മല്‍സരിച്ച ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ് 1936ല്‍ ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക പിടിച്ചു.

സ്വതന്ത്ര ഇന്ത്യ ആദ്യമായി പങ്കെടുത്ത 1948ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ടാലിമെറാന്‍ അയോയ്ക്കായിരുന്നു നിയോഗം.1952 ലും 56 ലും ത്രിവര്‍ണ പതാക പിടിച്ച് ഹോക്കി താരം ബല്‍ബീര്‍ സിങ് ചരിത്രമെഴുതി. ഗ്രീഷ്മകാല ഒളിംപിക്‌സില്‍ മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത ഭാഗ്യം.( ശീതകാല ഒളിംപിക്‌സില്‍ നാലു തവണ പതാകവാഹകനായ ചരിത്രം ശിവകേശവനുണ്ട് ) .

1992 ല്‍, ഒളിംപിക്‌സ് ഉദ്ഘാടനത്തിന് പതാകയേന്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം ഷൈനി വില്‍സന്‍ സ്വന്തമാക്കി. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ മേരി കോമും മന്‍പ്രീത് സിങ്ങും സംയുക്തമായി പതാക പിടിച്ചു. ടേബിള്‍ ടെന്നിസ് ഒളിംപിക്‌സില്‍ മെഡല്‍ സാധ്യതയുള്ള ഇനമല്ല എന്നതാണ് ശരത് കമലിന്റെ നിയോഗത്തെ ചോദ്യം ചെയ്യാന്‍ ഒരു കാരണം. പക്ഷേ, കമലിന് ഇത് അഞ്ചാം ഒളിംപിക്‌സാണ്.ഈ നാല് പത്തൊന്നുകാരനെ സംബന്ധിച്ചിടത്തോളം വിടവാങ്ങല്‍ ഒളിംപിക്‌സും. ശരത് കമലിന് നല്ലൊരു യാത്രയയപ്പ് ആകട്ടെ.

ബ്രിജ്ഭൂഷന്‍ ശരന്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ സമരം നടത്തിയപ്പോള്‍ അതിനെ പരസ്യമായി പിന്തുണച്ച അപൂര്‍വം കായിക താരങ്ങളില്‍ പ്രമുഖനാണ് നീരജ്.മറിച്ച് പല കാര്യങ്ങളിലും ഐ.ഒ.എ. നേതൃത്വത്തിനൊപ്പം നിന്നവരാണ് ശരത് കമലും മേരി കോമും .മേരി കോമാണല്ലോ പാരിസില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഇതില്‍ രാഷ്ട്രീയം കണ്ടാല്‍ തന്നെ സംഘത്തിന്റെ ഉപമേധാവിയായ ശിവകേശവന്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ഐ.ഒ.എ. അത് ലറ്റ്‌സ് കമ്മിഷന്‍ അംഗങ്ങളില്‍ ചിലര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയ പ്രമേയം തയാറാക്കിയത് ശിവ കേശവന്‍ ആയിരുന്നു. (എന്നാല്‍ വൈകിപ്പോയി എന്ന് ഐ.ഒ.എ. വൈസ് പ്രസിഡന്റ് ഗഗന്‍ നരങ് അഭിപ്രായപ്പെട്ടതിന്റെ പേരില്‍ പ്രമേയം ഒഴിവാക്കി.) ഐ.ഒ.എ.തീരുമാനങ്ങളില്‍ രാഷ്ട്രീയം ഉണ്ടെങ്കിലും ഇല്ലെങ്കിലും നാട്ടിലെ കായിക പ്രേമികള്‍ ആഗ്രഹിക്കുന്നത് നീരജ് ചോപ്ര ജാവലിനില്‍ സ്വര്‍ണം നിലനിര്‍ത്തുന്നതു കാണണം എന്നു മാത്രമായിരിക്കും.

Story Highlights : Sharath Kamal will carry the Indian flag at the upcoming Paris 2024 Olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here