തലക്കല്‍ ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ഇന്ന്’പറന്നിറങ്ങും’; വയനാട്ടിൽ റോഡ് ഷോ, പത്രികയും സമർപ്പിക്കും
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചക്ക് 12 മണിക്ക് ആയിരിക്കും പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും എംഎൽഎയും ആയ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.
രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.
സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
Story Highlights : Rahul Gandhi Road Show in Vyanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here