Advertisement

കച്ചത്തീവ് നീറുന്നു; ഇന്ത്യ സമുദ്രാതിർത്തി കടന്നാൽ ശ്രീലങ്കൻ പരമാധികാരത്തിൻ മേലുള്ള കൈകടത്തലെന്ന് മുൻ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി

April 4, 2024
Google News 3 minutes Read
Former Sri Lankan envoy reacts over Katchatheevu issue

കച്ചത്തീവ് വിഷയം കത്തുമ്പോൾ ഇന്ത്യ സമുദ്രാതിർത്തി ലംഘിച്ചാൽ പരമാധികാരത്തിന്റെ കടന്നുകയറ്റമായിരിക്കും അതെന്ന് മുൻ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ വീണ്ടുമുയർന്ന കച്ചത്തീവ് വിഷയം രാഷ്ട്രീയ ചർച്ചകൾക്ക് നടുവിലാണ്. പാക് കടലിടുക്കിൽ ഇന്ത്യൻ തീരത്ത് നിന്ന് 33 കിലോമീറ്റർ അകലെയുള്ള ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. 1970കളുടെ മധ്യത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയദ്വീപിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയാണ്. ഇന്ദിരാഗാന്ധിയും ഡിഎംകെയും കാരണമാണ് ദ്വീപ് വിട്ടുകൊടുക്കേണ്ടിവന്നതെന്നാണ് മോദി വാദം. ‘ഇന്തോ-ശ്രീലങ്കൻ മാരിടൈം ഉടമ്പടി’യുടെ ഭാഗമായി കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ഇന്ദിരാഗാന്ധി സർക്കാർ വഴങ്ങിയെങ്കിലും 1974ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപിലേക്ക് കടക്കാൻ അനുമതി നൽകിയിരുന്നു.(Former Sri Lankan envoy reacts over Katchatheevu issue)

ഇന്ദിരാ സർക്കാർ ദ്വീപിനെ വിട്ടുകൊടുത്തെങ്കിലും അന്ന് ഒരു ബുദ്ധിമുട്ടും മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നില്ലെന്ന് തമിഴ് മത്സ്യത്തൊഴിലാളികൾ പറയുന്നു. കച്ചത്തീവ് വിഷയത്തിൽ തങ്ങളെ ഒരിക്കലും കേൾക്കാനാരും തയ്യാറായിട്ടില്ല. തങ്ങൾക്ക് വാഗ്ദാനങ്ങളിൽ വിശ്വാസമില്ല. കഴിഞ്ഞ 10 വർഷം വെറുതെയിരുന്നിട്ട് ചെയ്യാത്തതാണോ ഈ തെരഞ്ഞെുപ്പ് സമയത്ത് ചെയ്യുന്നതെന്നും മത്സ്യത്തൊഴിലാളികൾ ചോദിച്ചു.

Read Also: കച്ചത്തീവ് ശ്രീലങ്കയുടേതായത് എങ്ങനെ? 1974 ലെ കരാർ വീണ്ടും ചർച്ചയാകുമ്പോൾ

ഇന്ത്യ സമുദ്രാർത്തി കടന്ന് എന്തെങ്കിലും നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംബന്ധിച്ചാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റമാകും ഇതെന്നും ഇന്ത്യയിലെ ശ്രീലങ്കൻ മുൻ പ്രതിനിധി ഓസ്റ്റിൻ ഫെർണാണ്ടോ പറഞ്ഞു. ഗോവയ്ക്ക് സമീപം പാകിസ്താൻ ഇത്തരമൊരു കയ്യേറ്റം നടത്തിയാൽ ഇന്ത്യ അത് സഹിക്കുമോ? അല്ലെങ്കിൽ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് ഇങ്ങനെ ചെയ്താൽ ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കുമെന്നും ഓസ്റ്റിൻ ഫെർണാണ്ടോ ചോദിച്ചു. കച്ചത്തീവിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത് ചൂണ്ടിക്കാട്ടിയ ഫെർണാണ്ടോ തെഞ്ഞെടുപ്പ് കഴിഞ്ഞാൽ പക്ഷേ സർക്കാരിന് ഈ വിഷയത്തിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടാകുമെന്നും നിലപാട് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ വോട്ടർമാർ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ വോട്ട് കച്ചത്തീവ് വിഷയത്തിൽ നിർണായകമാകും.
എന്നാൽ കച്ചത്തീവ് ദ്വീപ് വിഷയം ഇപ്പോൾ ചർച്ചയിൽ ഇടംപിടിച്ചതിന്റെ ആദ്യ തിരി കൊളുത്തിയത് പ്രധാനമന്ത്രിയല്ല, ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയാണ്. അദ്ദേഹത്തിന് ലഭിച്ച വിവരാവകാശ രേഖ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

Read Also: കച്ചത്തീവ് തമിഴിൻ്റെ കണ്ണീർ; കച്ചിത്തുരുമ്പാക്കിയ ഇന്ദിരയുടെ രാഷ്ട്രീയ ബുദ്ധി, മോദിയുടേതും; അറിയേണ്ടതെല്ലാം

കച്ചത്തീവ് 1974 ൽ ലങ്കയ്ക്ക് വിട്ടുകൊടുത്തപ്പോൾ കേന്ദ്ര സർക്കാർ തമിഴ്നാട് സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടിയില്ലെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. അന്ന് തുടങ്ങിയ ഇന്ദിരാഗാന്ധിക്ക് എതിരായ പ്രതിഷേധം ഇന്നും തമിഴ് തീരത്ത് അലയടിക്കുന്നുണ്ട്. രാമനാഥപുരം രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമിയാണെന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിയ ഇടമാണിതെന്നും അവർ വാദിക്കുന്നു. 1991ൽ തമിഴ്നാട് നിയമസഭ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ കച്ചത്തീവ് തമിഴ് രാഷ്ട്രീയത്തിൽ ആളിക്കത്താറുണ്ട്.

പാക് കടലിടുക്കിൽ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ 285 ഏക്കറിലുളള ആൾതാമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപിൽ, 1921ൽ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു. ഈ തർക്കം വർഷങ്ങൾ നീണ്ടുനിന്നു. 1974ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണായിക്കുന്ന കരാർ ഒപ്പിടുകയും, കച്ചത്തീവ് ലങ്കൻ അതിർത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.

Story Highlights : Former Sri Lankan envoy reacts over Katchatheevu issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here