Advertisement

കച്ചത്തീവ് തമിഴിൻ്റെ കണ്ണീർ; കച്ചിത്തുരുമ്പാക്കിയ ഇന്ദിരയുടെ രാഷ്ട്രീയ ബുദ്ധി, മോദിയുടേതും; അറിയേണ്ടതെല്ലാം

April 2, 2024
Google News 4 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടേറ്റെടുത്ത കച്ചത്തീവ് ദ്വീപ് വിഷയമാണ് ഇന്ന് വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിലെ ജനവാസം പോലുമില്ലാത്ത ഈ കുഞ്ഞ് ദ്വീപിന് ഇന്ത്യയുടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കളത്തിൽ പ്രസക്തി ഏറെയാണ്. അരുണാചൽ അതിർത്തിയെ ചൊല്ലി കേന്ദ്രത്തെ പഴിക്കുന്ന പ്രതിപക്ഷ നേതാക്കളെ പ്രതിരോധത്തിലാക്കുക, എന്നും തമിഴകത്ത് കത്തിനിൽക്കുന്ന കച്ചത്തീവ് ദ്വീപിനെ രാഷ്ട്രീയ വിഷയമായി ഏറ്റെടുത്ത് നേട്ടമുണ്ടാക്കുക എന്നിവയാണ് വിഷയം വീണ്ടും കത്തിച്ച എൻഡിഎയുടെ ലക്ഷ്യം. എന്നാൽ കഷ്ടി ഒന്നര കിലോമീറ്റർ നീളമുള്ള കുടിവെള്ളം കിട്ടാത്ത, ഒരു ക്രിസ്ത്യൻ പള്ളി മാത്രമുള്ള ഈ കുഞ്ഞൻ ദ്വീപിന് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തി ചെറുതല്ല, വലുതാണ്.(India-Sreelanka Katchatheevu controversy)

കണ്ണ് തുറപ്പിക്കുന്നത്, ഞെട്ടിക്കുന്നത് എന്നായിരുന്നു കച്ചത്തീവ് ദ്വീപിനെ കുറിച്ചുള്ള വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുടെ ഒരു ഭൂഭാഗത്തെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വെറുതെ ലങ്കയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന വാർത്തയിൽ പ്രധാനമന്ത്രിയുടെ രോഷം അണപൊട്ടി. വിശ്വസിക്കാൻ കൊള്ളാത്തവർ എന്ന് കോൺഗ്രസിനെ വിളിച്ചാണ് വാർത്ത സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത്.

Read Also: ‘DMKയും കോൺഗ്രസും തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപര്യങ്ങളെ ഹനിയ്ക്കുന്നു’; കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി

എന്നാൽ കച്ചത്തീവ് ദ്വീപ് വിഷയം ഇപ്പോൾ ചർച്ചയിൽ ഇടംപിടിച്ചതിൻ്റെ ആദ്യ തിരി കൊളുത്തിയത് പ്രധാനമന്ത്രിയല്ല, ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയാണ്. അദ്ദേഹത്തിന് ലഭിച്ച വിവരാവകാശ രേഖ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്നതിൽ പ്രശ്നമില്ലെന്ന് 1961 ൽ നടന്ന അനൗദ്യോഗിക യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞുവെന്ന മിനുട്‌സ് രേഖ കിട്ടിയെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.

എന്നാൽ ഇത് ആദ്യത്തെ വെളിപ്പെടുത്തലൊന്നുമല്ല. 1974 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലെ സമുദ്രാതിർത്തി നിർണയിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിൽ മദിരാശിയുടെ കീഴിലായിരുന്ന കച്ചത്തീവ് ദ്വീപിൽ അന്നും ഇന്നും ആൾത്താമസമില്ല. അതിർത്തി പുനർനിർണയിച്ച 1974 ൽ ഈ കുഞ്ഞൻ ദ്വീപ് ശ്രീലങ്കയുടെ അതിർത്തിക്കുള്ളിലായാണ് നിശ്ചയിച്ചത്.

പാക് കടലിടുക്കിലെ ഈ ഭൂഭാഗത്തിന് 285 ഏക്കർ വിസ്തൃതിയാണ് ഉള്ളത്. 1.6 കിലോമീറ്റർ നീളവും 300 മീറ്റർ വരെ പരമാവധി വീതിയുമുള്ള ഒരു ഭൂഭാഗം. രാമേശ്വരത്തിന് വടക്ക് കിഴക്കായി ഇന്ത്യൻ തീരത്ത് നിന്ന് 33 കിലോമീറ്റർ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജാഫ്നയിൽ നിന്ന് ഇവിടേക്ക് 62 കിലോമീറ്റർ ദൂരമുണ്ട്. ശ്രീലങ്ക അതിർത്തിയിലെ ജനവാസമില്ലാത്ത ഡെൽഫ്റ്റ് ദ്വീപിൽ നിന്ന് 24 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.

20ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സെൻ്റ് ആൻ്റണീസ് പള്ളി മാത്രമാണ് ഇവിടെയുള്ള ഏക നിർമ്മിതി. ഇവിടെ വർഷം തോറും നടക്കുന്ന ആഘോഷത്തിന് ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും തീർത്ഥാടകർ എത്താറുണ്ട്. 2023 ൽ ഇന്ത്യയിൽ നിന്ന് മാത്രം 2500 പേർ ഇവിടേക്ക് പോയിരുന്നു.

എന്നാൽ കുടിക്കാൻ ശുദ്ധജലം കിട്ടാത്ത ഈ ദ്വീപ് താമസത്തിന് അനുയോജ്യമല്ല. 14ാം നൂറ്റാണ്ടിൽ സംഭവിച്ചെന്ന് കരുതുന്ന ഒരു അഗ്നി പർവത സ്ഫോടനത്തിൻ്റെ ബാക്കിപത്രമായ ഈ ദ്വീപ് ആദ്യം ജാഫ്നയിലെ രാജവംശത്തിൻ്റെ അധീനതയിലായിരുന്നു. രാമനാഥപുരം വാണ രാംനാഥ് സമീന്ദാരുടെ കീഴിലായി 17ാം നൂറ്റാണ്ടിൽ ഇവിടം. ബ്രിട്ടീഷ്ഭരണ കാലമായപ്പോൾ മദ്രാസ് പ്രസിഡൻസിക്ക് കീഴിലേക്കും ഭരണം മാറി. 1921 ൽ ഇന്ത്യയും ശ്രീലങ്കയും ഒരേ പോലെ ദ്വീപിന് മേലെ അവകാശം പറഞ്ഞു. മത്സ്യബന്ധനത്തിന് അതിർ നിർണയിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഇത്. അന്ന് നടത്തിയ സർവേയിൽ ഭൂഭാഗം ലങ്കയുടെ കീഴിലായെങ്കിലും ഇന്ത്യയിൽ നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം ഇതെതിർത്തു. രാമനാഥ രാജവംശത്തിനാണ് ഇവിടുത്തെ അധികാരമെന്ന് അവർ വാദിച്ചു.

Read Also: ‘കച്ചത്തീവ് ലങ്കയുടെ ഭാഗം, ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകും’ : ശ്രീലങ്കൻ മന്ത്രി ജീവൻ തൊണ്ടെമാൻ

ഈ തർക്കം അരനൂറ്റാണ്ടോളം നീണ്ടു. 1974 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തർക്കം പരിഹരിക്കാനായി ശ്രമിച്ചു. അന്ന് ഒപ്പിട്ട ഇന്തോ -ശ്രീലങ്കൻ മാരിടൈം കരാർ പ്രകാരം കച്ചത്തീവ് ലങ്കൻ അതിർത്തിക്ക് കീഴിലായി. ഇതിലൂടെ ലങ്കയെന്ന അയൽരാജ്യവുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശ്രമം. കരാർ പ്രകാരം കച്ചത്തീവ് ദ്വീപിൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രവേശിക്കാനാവുമായിരുന്നു. എന്നാൽ 1975 ൽ അടിയന്തിരാവസ്ഥയ്ക്ക് പിന്നാലെ 1976 ൽ അവരവരുടെ സാമ്പത്തിക മേഖലയ്ക്ക് അകത്തേക്ക് ഇതര രാജ്യക്കാർ പ്രവേശിക്കരുതെന്ന ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പിട്ടതോടെ, ഇതിന് മധ്യത്തിലായിരുന്ന കച്ചത്തീവ് ദ്വീപ് വീണ്ടും ആളുകൾക്ക് അന്യമായി.

എന്നാൽ 1983 നും 2009 നും ഇടയിൽ ലങ്കയിൽ ഗുരുതരമായ ആഭ്യന്തര കലാപം ഉടലെടുത്തപ്പോൾ അതിനെല്ലാം പിന്നിൽ കച്ചത്തീവ് ദ്വീപിനും ഏറെ കഥകൾ പറയാനുണ്ടായിരുന്നു. എൽടിടിഇയുടെ സ്വാധീന മേഖലയായ ജാഫ്‌നയിലേക്കുള്ള വിതരണ ശൃംഖല തടഞ്ഞ ശ്രീലങ്കൻ നാവിക സേന കച്ചത്തീവ് കേന്ദ്രമാക്കി നിരീക്ഷണം ശക്തമാക്കിയിരുന്നു. അക്കാലത്ത് ഇന്ത്യൻ ബോട്ടുകൾ ശ്രീലങ്കൻ മത്സ്യബന്ധന യാനങ്ങൾക്കും വലകൾക്കും കേടുവരുത്തുമെന്ന് ആരോപിച്ച് ഇവിടേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. 2009 ൽ ആഭ്യന്തര കലാപം അവസാനിച്ചതോടെ കൊളംബോ തങ്ങളുടെ സമുദ്രാതിർത്തിയിൽ ഒന്നുകൂടി പിടിമുറുക്കി. ഇതോടെ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യാക്കാർ തടവിലാക്കപ്പെടുന്നത് പതിവായി. ഇങ്ങനെ കസ്റ്റഡിയിലെടുക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ ലങ്കൻ തടവറകളിൽ ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെടുന്ന സാഹചര്യങ്ങൾ വരെയുണ്ടായി.

കച്ചത്തീവിൽ പൊടിയുന്ന തമിഴൻ്റെ കണ്ണീർ

കച്ചത്തീവ് 1974 ൽ ലങ്കയ്ക്ക് വിട്ടുകൊടുത്തപ്പോൾ കേന്ദ്ര സർക്കാർ തമിഴ്‌നാട് സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടിയില്ലെന്നതാണ് ഒന്നാമത്തെ പ്രശ്നം. അന്ന് തുടങ്ങിയ ഇന്ദിരാഗാന്ധിക്ക് എതിരായ പ്രതിഷേധം ഇന്നും തമിഴ് തീരത്ത് അലയടിക്കുന്നുണ്ട്. രാമനാഥപുരം രാജവംശത്തിൻ്റെ അധീനതയിലുണ്ടായിരുന്ന ഭൂമിയാണെന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിയ ഇടമാണിതെന്നും അവർ വാദിക്കുന്നു. 1991ൽ തമിഴ്‌നാട് നിയമസഭ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ കച്ചത്തീവ് തമിഴ് രാഷ്ട്രീയത്തിൽ ആളിക്കത്താറുണ്ട്.

2008 ൽ ജയലളിത കച്ചത്തീവ് ഭരണഘടനാ ഭേദഗതിയില്ലാതെ ലങ്കയ്ക്ക് വിട്ടുകൊടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2011 ൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ അവർ നിയമസഭയിൽ വിഷയത്തിൽ പ്രമേയം പാസാക്കാൻ മുൻകൈയെടുത്തു. 2012 ൽ ലങ്കൻ തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ കച്ചത്തീവ് വിഷയം ഉന്നയിച്ച് ജയലളിത സുപ്രീം കോടതിയിലും ഹർജി നൽകി.

Read Also: കച്ചത്തീവ് ശ്രീലങ്കയുടേതായത് എങ്ങനെ? 1974 ലെ കരാർ വീണ്ടും ചർച്ചയാകുമ്പോൾ

കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കച്ചത്തീവ് വിഷയം ഉന്നയിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. കച്ചത്തീവ് ദ്വീപ് തമിഴ്നാട് സർക്കാരിൻ്റെ അഭിപ്രായം തേടാതെ ഏകപക്ഷീയമായി ലങ്കയ്ക്ക് വിട്ടുകൊടുത്തതിലൂടെ തമിഴ് മത്സ്യത്തൊഴിലാളികളുടെ മൗലികാവകാശം ചോദ്യം ചെയ്യപ്പെട്ടെന്നും അവരുടെ ജീവിതോപാധി ബാധിക്കപ്പെട്ടെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. 2006 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ കുറിച്ച് സ്റ്റാലിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാൽ 1974 പിന്നിട്ട് 40 വർഷത്തിനിപ്പുറവും, കേന്ദ്രത്തിൽ സർക്കാരുകൾ മാറി മാറി വന്നിട്ടും, മോദി സർക്കാർ രണ്ട് ടേം പൂർത്തിയാക്കിയിട്ടും കച്ചത്തീവ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്നാണ് തമിഴ്നാട് ബിജെപി ഘടകത്തിൻ്റെ നിലപാട്. എന്നാൽ 2014 ൽ സുപ്രീം കോടതിയിൽ അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോത്തഗി ഉന്നയിച്ച വാദം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ‘1974 ൽ ലങ്കയ്ക്ക് കൊടുത്ത കച്ചത്തീവ് ദ്വീപ് ഇനി എങ്ങനെ തിരിച്ചെടുക്കാനാണ്? ഇനി അഥവാ വേണമെന്നുണ്ടെങ്കിൽ തന്നെ യുദ്ധമല്ലാതെ പോംവഴിയില്ല’ – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തമിഴൻ്റെ തോരാത്ത കണ്ണീരായി മാറിയ കച്ചത്തീവ് ദ്വീപിനെ കച്ചിത്തുരുമ്പാക്കുന്ന രാഷ്ട്രീയ ബുദ്ധിക്ക് തമിഴകം വോട്ട് കുത്തുമോയെന്ന് ജൂൺ നാലിന് അറിയാം.

എന്താണ് കച്ചത്തീവ് പ്രശ്നം ?

പാക് കടലിടുക്കിൽ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ 285 ഏക്കറിലുളള ആൾതാമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജകുടുംബത്തിൻ്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപിൽ, 1921ൽ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു. ഈ തർക്കം വർഷങ്ങൾ നീണ്ടുനിന്നു. 1974ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണായിക്കുന്ന കരാർ ഒപ്പിടുകയും, കച്ചത്തീവ് ലങ്കൻ അതിർത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.

ഇപ്പോൾ എന്താണ് സംഭവിച്ചത്?

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്ക് ലഭിച്ച വിവരവകാശ രേഖ അടിസ്ഥാനമാക്കി ദില്ലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രം ഇന്ന് ഒന്നാം പേജ് വാർത്തയാക്കി. 1961ൽ അനൗദ്യോഗിക യോഗത്തിൽ കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് അന്നത്തെ പ്രധാനമത്രി ജവാഹ്‌ലാൽ നെഹ്‌റു പറഞ്ഞതായുള്ള മിനുട്സ് കിട്ടിയെന്നാണ് അവകാശവാദം. ഇത്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്തവര്‍ എന്ന് കുറ്റപ്പെടുത്തി. തമിഴ്നാട് വീണ്ടും ഡിഎംകെ സഖ്യം തൂത്തുവരുമെന്ന സർവ്വേ ഫലങ്ങൾ കാരണമാണ് മോദിയുടെ പ്രസ്താവന എന്ന് കോൺഗ്രസ്സ് തിരിച്ചടിച്ചു.

Story Highlights : Katchatheevu is not suited for permanent settlement as there is no source of drinking water on the island.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here