Advertisement

ഭീകരർ പാകിസ്താനിൽ പോയി ഒളിച്ചാല്‍ അവിടെ ചെന്ന് കൊല്ലുമെന്ന് പ്രതിരോധ മന്ത്രി: ഇന്ത്യ അങ്ങനെ ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രി

April 6, 2024
Google News 3 minutes Read

പുൽവാമ സംഭവത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ഇരുപതോളം പേരെ കൊലപ്പെടുത്തിയെന്ന പാക് ആരോപണത്തെ തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് അടിസ്ഥാനരഹിതമായ ആരോപണവും ഇന്ത്യാവിരുദ്ധ പ്രൊപ്പഗാണ്ടാ ആണെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റ് രാജ്യങ്ങളിൽ കടന്നുകയറി കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. പാക് അതിർത്തിക്കകത്ത് അതിക്രമിച്ച് കടന്ന് ഇന്ത്യ ആക്രമണം നടത്തിയെന്നും നിരവധി പേരെ കൊലപ്പെടുത്തിയെന്നുമുള്ള പാകിസ്താൻ ആരോപണം അന്താരാഷ്ട്ര ഇംഗ്ലീഷ് മാധ്യമം ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതേ വിഷയത്തിൽ ന്യൂസ് 18ൻ്റെ ചോദ്യത്തോട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത് ഏതെങ്കിലും തീവ്രവാദി ഭാരതത്തിലെ സമാധാനം തകർക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ ഭാരതത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയോ ചെയ്താൽ അവർക്ക് കൃത്യമായ മറുപടി രാജ്യം നൽകും. അവർ പാകിസ്താനിൽ അഭയം തേടിയാൽ അവിടെപ്പോയി വധിക്കും എന്നാണ്. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിലാണെങ്കിലും പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭീകരവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭിന്ന നിലപാടുകൾ സ്വീകരിച്ചത് ചർച്ചയായിരിക്കുകയാണ്.

Read Also: കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

ഇന്ത്യ ഒരു നിശബ്ദ കാഴ്ചക്കാരനായി തുടരില്ലെന്നും തീവ്രവാദികളെ ഇല്ലാതാക്കാൻ അതിർത്തികടന്നും എത്തുമെന്നും ഈ അടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് യോജിക്കുന്നുവെന്നും വ്യക്തമാക്കിയ രാജ്‌നാഥ് സിങ് പാകിസ്താൻ ഇന്ത്യയുടെ ശക്തി തിരിച്ചറിയാൻ തുടങ്ങിയെന്നും അവകാശപ്പെട്ടു. അയൽരാജ്യങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം പുലർത്താനാണ് ഇന്ത്യ എപ്പോഴും ശ്രമിക്കുന്നത്. ഇന്നുവരെ ഒരു നാടിനെയും ആക്രമിക്കാൻ ഇന്ത്യ മുൻകൈയ്യെടുത്തിട്ടില്ല. എന്നാൽ ഇങ്ങോട്ട് കടന്നുകയറി ആക്രമിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചാൽ അവരെ വെറുതെവിടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

യുഎഇയിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കീഴിലുള്ള സ്പീപ്പർ സെല്ലുകൾ പാകിസ്താനിൽ ആക്രമണം നടത്തി പലരെയും കൊലപ്പെടുത്തിയെന്നും ഇതിൻ്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു പാകിസ്താൻ്റെ ആരോപണം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ ഭാഗമായുള്ള സ്ലീപ്പർ സെല്ലുകൾ ഇതുവരെ 20 പേരെ 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Read Also: പടനായകൻ്റെ വിശ്വസ്തനായ തേരാളി: കോൺഗ്രസ് തളരുമ്പോഴും വളർന്ന കെസി; പുതിയ അധികാര കേന്ദ്രം

നേരത്തെ ഇന്ത്യക്കെതിരെ സമാനമായ ആരോപണങ്ങളുമായി കാനഡയും അമേരിക്കയും രംഗത്ത് വന്നിരുന്നു. ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യ ഇത് തള്ളിയിരുന്നു. പിന്നീട് ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത ഖലിസ്ഥാനി വിഘടന വാദി ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാൽ ഈ ആരോപണത്തിനും വ്യക്തമായ തെളിവ് നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. 

Story Highlights : Pakistan alleged that RAW had carried out 20 killings after the Pulwama assault in 2019, but India denied all of the charges.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here