ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, പക്ഷേ ജയിക്കുക കെ സി; 24 ഇലക്ഷന്‍ സര്‍വെയിലൂടെ തെളിയുന്നത്…

ബിജെപി ഈ അടുത്തിടെ തങ്ങളുടെ എ ക്ലാസ് മണ്ഡലമായി പ്രഖ്യാപിച്ച മണ്ഡലമാണ് ആലപ്പുഴ. ബിജെപി പിടിക്കുക ആരുടെ വോട്ടെന്ന ചോദ്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ ജയിക്കുക യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫോ എന്ന വമ്പന്‍ സര്‍പ്രൈസ് ആലപ്പുഴയില്‍ നിലനില്‍ക്കുന്നുണ്ട്. അതോ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് അട്ടിമറി വിജയമുണ്ടാകുമെന്ന വാദവും മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ ന്യൂസും കോര്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വെ ഫലം പറയുന്നത് ജയം ഇത്തവണ കെ സിയ്‌ക്കൊപ്പമാകുമെന്നാണ്. സര്‍വെയില്‍ പങ്കെടുത്ത ആലപ്പുഴ മണ്ഡലത്തിലെ 41.2 ശതമാനം പേര്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് പറയുമ്പോള്‍ ആലപ്പുഴയുടെ സിറ്റിംഗ് എം പികൂടിയായ എ എം ആരിഫ് ജയിക്കുമെന്ന് 39.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 18 ശതമാനം പേരാണ്. (24 election survey result says K C Venugopal will win in Alappuzha)
ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് സമുദായപിന്തുണയുണ്ടാകുമെന്നും എന്‍എസ്എസിന്റെ പിന്തുണ കെ സിയ്ക്കുണ്ടാകുമെന്ന് ചില നിരീക്ഷണങ്ങളുണ്ടെന്ന് സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 24 പാനല്‍ അഭിപ്രായപ്പെടുന്നു. ഒരു വലിയ ദേശീയ നേതാവ് മത്സരിക്കുന്നു എന്ന വസ്തുതയ്ക്ക് ആലപ്പുഴയിലെ ജനങ്ങളില്‍ വളരെ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് കെ സി വേണുഗോപാലും ആരിഫും തമ്മിലുള്ള ഇഞ്ചോടിഞ്ചുകളുടെ മാത്രം വ്യത്യാസം സൂചിപ്പിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപി ആലപ്പുഴയില്‍ മുന്‍ തവണത്തേക്കാള്‍ വോട്ടുയര്‍ത്തുമെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. ബിജെപി വോട്ടുകൂട്ടി കടന്നുകയറുക ഏതേ മുന്നണിയുടെ വോട്ടുബാങ്കുകളിലേക്കാണെന്നത് തന്നെയാണ് ആലപ്പുഴയില്‍ നിര്‍ണായകമാകുക.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
ആലപ്പുഴയില്‍ മത-സാമുദായിക സമവാക്യങ്ങളെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഏതുവിധത്തിലാകും സ്വാധീനിക്കുകയെന്നതാണ് പ്രധാന ചോദ്യം. പരമ്പരാഗത ഈഴവ വോട്ടുകളില്‍ ശോഭാ സുരേന്ദ്രന് വിള്ളല്‍ വീഴ്ത്താനായേക്കുമെന്നാണ് 24 പാനലിന്റെ വിലയിരുത്തല്‍. 2019ലെ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിനെ തുണച്ച മണ്ഡലങ്ങള്‍ ചേര്‍ത്തലയും കായംകുളവുമായിരുന്നു. കെ സിയുടെ സ്ഥാനാര്‍ത്ഥിത്വം ഇത് മാറ്റിമറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴയില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം തന്നെയായിരിക്കുമെന്നാണ് 24 സര്‍വെ ഫലം തെളിയിക്കുന്നത്. കേരളത്തിലെമ്പാടും 20000 സാമ്പിളുകള്‍ ശേഖരിച്ചാണ് സിറ്റിസണ്‍സ് ഒപ്പിനിയന്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍(കോര്‍) തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയത്.
Story Highlights : 24 election survey result says K C Venugopal will win in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here