Advertisement

പൊന്നാനിയിൽ വിജയം സമദാനിക്കെന്ന് സർവേ ഫലം; പൊന്നാനിയുടെ മനസ് ഇങ്ങനെ

April 7, 2024
Google News 2 minutes Read
24 survey predicts victory for Abdussamad Samadani in ponnani

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന്റെ പൊന്നാപുരംകോട്ട പൊന്നാനിയിൽ യുഡിഎഫിന്റെ അബ്ദുസ്സമദ് സമദാനി തന്നെ വിജയക്കൊടി പാറിക്കുമെന്ന് ട്വന്റിഫോറിന്റെ മെഗാ പ്രീ പോൾ സർവേ ഫലം. പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനി വിജയിക്കുമെന്ന് 48.1% പേർ വിലയിരുത്തിയപ്പോൾ, എൽഡിഎഫിന്റെ കെ.എസ് ഹംസ വിജയിക്കുമെന്ന് 39.7% പേർ അഭിപ്രായപ്പെട്ടു. എൻഡിഎയുടെ നിവേദിതയെ പിന്തുണച്ചത് 8.3% പേരാണ്. ( 24 survey predicts victory for Abdussamad Samadani in ponnani )

പൊന്നാനിയിൽ വോട്ടിനെ സ്വാധീനിക്കുന്നത് സ്ഥാനാർത്ഥിയുടെ മകിവ് തന്നെയാണെന്നാണ് ഭൂരിപക്ഷം പൊന്നാനി നിവാസികളും ട്വന്റിഫോറിന്റെ സർവേയിൽ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ സമദാനിയുടെ സ്ഥാനാർത്ഥിത്വത്തിൽ പൊന്നാനിക്കാർ സംതൃപ്തരാണെന്ന് വേണം വിലയിരുത്താൻ. 29.5% പേരാണ് സ്ഥാനാർത്ഥിയുടെ മികവ് വോട്ടിനെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ 25.4% പേർ മണ്ഡലത്തിൽ രാഷ്ട്രീയമാണ് സ്വാധീനിക്കുകയെന്ന് വിലയിരുത്തി. 16.4% പേർ വികസനത്തിനും, 10.8% പേർ വിലക്കയറ്റത്തിനും സ്വാധീനമുണ്ടെന്ന് രേഖപ്പെടുത്തി. 5.7% പേർ അഴിമതിയും വിവാദങ്ങളും മണ്ഡലത്തിൽ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 5.6% പേർ സിറ്റിംഗ് എംപിയുടെ പ്രവർത്തനമാണെന്ന് വ്യക്തമാക്കി.

പൊന്നാനിക്കാരുടെ കോൺഗ്രസ് പ്രിയം മറ്റ് സർവേ ചോദ്യങ്ങളിലും പ്രകടമാണ്. ഇഷ്ടപ്പെടുന്ന ദേശീയ രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിന് 65.8% പേരും രാഹുൽ ഗാന്ധിയെന്നാണ് ഉത്തരം നൽകിയത്. 19.5% പേർ സീതാറാം യെച്ചൂരിയെന്നും 12.5% പേർ നരേന്ദ്ര മോദിയെന്നും ഉത്തരം നൽകി. സർവേയിൽ എം.കെ സ്റ്റാലിനെ പിന്തുണയ്ക്കുന്ന ചെറിയ വിഭാഗമുണ്ട്. പൊന്നാനിയിൽ 2.1% പേരാണ് ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപുള്ള വ്യക്തിയെന്ന നിലയിൽ എം.കെ സ്റ്റാലിനെ പിന്തുണയ്ക്കുന്നത്.

പൊന്നാനിയിൽ കേന്ദ്ര വിരുദ്ധ വികാരം പ്രകടമാണെന്ന് തെളിയിക്കുന്നതാണ് ട്വന്റിഫോർ സർവേ ഫലം. കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾ മോശമാണെന്ന അഭിപ്രായക്കാരാണ് 31.5% പേരും. വളരെ മോശമെന്ന അഭിപ്രായക്കാരാണ് 29.5% പേരും. മികച്ചതെന്ന് വെറും 6.3% പേരും വളരെ മികച്ചതെന്ന് 3.1% പേരും മാത്രമാണെന്നാണ് ഉത്തരം നൽകിയത്. രാജ്യം ഇന്ത്യാ മുന്നണി ഭരിക്കുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 45.8% പേരാണ് രാജ്യം ഇന്ത്യാ മുന്നണി ഭരിക്കുമെന്ന ഉത്തരം നൽകിയത്. 33.9% പേർ മാത്രമേ എൻഡിഎ തന്നെ ഭരണത്തിൽ വരുമെന്ന് വ്യക്തമാക്കിയുള്ളു.

തെരഞ്ഞെടുപ്പിൽ സിഎഎ വിഷയം സ്വാധീനിക്കുമെന്ന് പൊന്നാനിയിലെ 73.6% പേരും വിശ്വസിക്കുന്നു. 26.4% പേർ ഇല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുസ്ലിം സ്വാധീന മേഖലകളിലാണ് സിഎഎ വിഷയം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. തുടക്കം മുതൽ തന്നെ സിഎഎയ്‌ക്കെതിരായ നിയമ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നു. പിന്നീട് മുസ്ലിം ലീഗ് അടക്കം സുപ്രിംകോടതിയെ സമീപിച്ചു, രമേശ് ചെന്നിത്തല കക്ഷി ചേരുകയും ചെയ്തു. പക്ഷേ, മുസ്ലിം സമുദായത്തിന്റെ വോട്ടുറപ്പിക്കാനുള്ള നീക്കം ഭരണ-പ്രതിപക്ഷ പാർട്ടികൾ ശക്തമായി തന്നെ നടത്തി. ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ ഇടത് പാർട്ടികളാണെന്ന് വിലയിരുത്തുകയാണ് ട്വന്റിഫോർ അസി.എക്‌സിക്യൂട്ടിവ് എഡിറ്റർ ബി.ദിലീപ് കുമാർ. ഇതിന്റെ ഭാഗമായി സിഎഎയ്‌ക്കെതിരെ സംയുക്ത പ്രതിഷേധ റാലികൾ സംഘടിപ്പിക്കുക അടക്കമുള്ള പരിപാടികളിലേക്ക് കടന്നു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ സിഎഎ വിഷയം പ്രതിപാദിക്കാത്തത് ഇടതു പക്ഷം ആയുധമാക്കുന്നുണ്ട്.

Story Highlights : 24 survey predicts victory for Abdussamad Samadani in ponnani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here