പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍; ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന നേതൃത്വം
കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിര്‍മ്മിച്ച വരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സിപിഐഎം നിലപാട്. എന്നാല്‍ പാനൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും പാര്‍ട്ടി നേതാക്കളാരും ആരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.(CPIM leaders visit sherin’s house Panur bomb blast)
പാനൂര്‍ സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും. പിന്നാലെ ബോംബ് രാഷ്ട്രീയം സജീവ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി യുഡിഎഫും രംഗത്തെത്തിയിരുന്നു. പരാജയഭീതിയില്‍ സിപിഐഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നതായി യുഡിഎഫ് ആരോപിക്കുന്നു. വടകരയില്‍ അടക്കം ബോംബ് രാഷ്ട്രീയം പ്രധാന പ്രചരണ വിഷയമാക്കി നേതാക്കള്‍. പാനൂര്‍ സ്‌ഫോടനം തീര്‍ത്തും നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും സിപിഐഎമ്മിന് ബന്ധമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
പാനൂര്‍ കൈവേലിക്കല്‍ മുളിയത്തോട് സ്വദേശി വിനീഷിന്റെ വീടിന് സമീപം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന മറ്റൊരു വീടിന്റെ ടെറസിലായിരുന്നു ബോംബം സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വിനീഷിന്റ കൈപ്പത്തി ചിതറിത്തെറിച്ചു. ഷെറിന്റെ മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പരുക്കേറ്റു. ചികിത്സയിലിരിക്കെയാണ് ഷെറിന്‍ മരണത്തിന് കീഴടങ്ങിയത്. വിനീഷിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.
സിപിഐഎം പ്രാദേശിക നേതാവിന്റെ മകനായ വിനീഷും ഷെറിനും സിപിഐഎം അനുഭാവികളാണ്. എന്നാല്‍ പ്രാദേശിക സിപിഐഎം നേതാക്കള്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടും തള്ളിപ്പറയുകയാണ് സംസ്ഥാന നേതൃത്വം.
Story Highlights : CPIM leaders visit sherin’s house Panur bomb blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here