ആരോപണം വ്യാജം ശശി തരൂർ മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം എം പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂർ തനിക്കെതിരേ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകൾക്കുമെതിരെ കൂടുതൽ നിയമനടപടിയുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവർത്തിയാണെന്നും തരൂരിന് അയച്ച വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു.
നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ ഡി എയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.
പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്. തിരുവനന്തപുരത്തെ വോട്ടറന്മാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നു.
Story Highlights : Rajeev Chandrasekhar Against Sashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here