‘വി.മുരളീധരന് നേരെ നടന്ന സിപിഐഎം അക്രമം പരാജയഭീതിയിൽ’: കെ.സുരേന്ദ്രൻ

എൻഡിഎ ആറ്റിങ്ങൽ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഐഎം അക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാജയഭീതി പൂണ്ട സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പള്ളിക്കൽ കുത്തിക്കാട് വെച്ച് നടന്ന അതിക്രമം കാരണം വാഹനപര്യടനം നിർത്തിവെക്കേണ്ടി വന്നു. പ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി – എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ നടത്തിയ ശ്രമം അപലപനീയമെന്ന് വി.മുരളീധരൻ പറഞ്ഞു. നിർഭയമായും സുഗമമായും പ്രചാരണം നടത്താനുള്ള അവസരമൊരുക്കാൻ പൊലീസ് തയാറാവണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ കരുത്താണെന്ന് ആരും മറക്കരുതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Story Highlights : K Surendran on V Muraleedharan Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here