കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസകിനെ വിടാതെ ഇഡി

കിഫ്ബി മസാലബോണ്ട് കേസിൽ തോമസ് ഐസകിനെ വിടാതെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ഡിവിഷൻ ബെഞ്ച് മുൻപാകെ അപ്പീൽ ഫയൽ ചെയ്തു. തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞതിനെതിരെയാണ് അപ്പീൽ. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ഇഡി അപ്പീലിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുതെന്ന ഉത്തരവിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നു.
ഐസക്കിന്റെ ചോദ്യം ചെയ്യൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകൾക്ക് തോമസ് ഐസകിൽ നിന്നും വിശദീകരണം വേണമെന്നും എന്നാൽ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി മേയ് 22 ന് പരിഗണിക്കും.
മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലാണ് ഇഡി വ്യക്തത തേടുന്നതെന്നാണ് വിവരം. മസാലബോണ്ടുപയോഗിച്ച് ഭൂമി വാങ്ങാൻ റിസർവ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇഡി അവകാശപ്പെടുന്നു.
Story Highlights: thomas isaac kiifb ed appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here