Advertisement

സ്‌കൂട്ടര്‍ പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കം; കേരള കൗമുദി ഫോട്ടോഗ്രാഫര്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ക്രൂരമര്‍ദനം

April 12, 2024
Google News 2 minutes Read
kerala kaumudi photographer beaten up by KSRTC worker

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാരന്റെ ഗുണ്ടായിസം. സ്‌കൂട്ടര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാക്കള്‍ക്ക് മര്‍ദനം. കേരള കൗമുദി ആലപ്പുഴ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ മഹേഷ് മോഹനും ബന്ധുവായ യുവാവിനുമാണ് പമ്പ് ഓപ്പറേറ്ററുടെ ക്രൂരമര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ മഹേഷിന്റെ ഇടതുകൈയ്ക്കും കഴുത്തിനും മുഖത്തും സാരമായി പരുക്കേറ്റു. മഹേഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. (kerala kaumudi photographer beaten up by KSRTC worker)

സംഭവത്തില്‍ മഹേഷിന്റെ മൊഴി പ്രകാരം പമ്പ് ഓപ്പറേറ്റര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകുന്നതിന് ബന്ധുവായ ശരത്തിനെ ആലപ്പുഴ ഡിപ്പോയിലെത്തിക്കാനാണ് ഡ്യൂട്ടിയ്ക്ക് വരുംവഴി മഹേഷ് ബസ് സ്റ്റാന്റിലെത്തിയത്. ബസ് സ്റ്റാന്റില്‍ ഇരുചക്രവാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് മഹേഷ് സ്‌കൂട്ടര്‍ വച്ചതാണ് പമ്പ് ഓപ്പറേറ്ററെ പ്രകോപിപ്പിച്ചത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

സ്റ്റാന്റിനുള്ളില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് പമ്പ് ഓപ്പറേറ്റര്‍ അറിയിച്ചു. സ്‌കൂട്ടര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ മഹേഷിനെ തെറി വിളിച്ച പമ്പ് ഓപ്പറേറ്റര്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നു. അക്രമം തടയാനുളള ശ്രമത്തിനിടെ കൈപ്പത്തി തല്ലി ഒടിക്കാനുളള ശ്രമമാണ് വലതു കൈത്തണ്ടയില്‍ ചതവിനുംപരിക്കിനും കാരണമായത്. മഹേഷിനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച ശരത്തിനും മര്‍ദ്ദനമേറ്റു. ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലെകണ്ടക്ടറാണ് പമ്പ് ഓപ്പറേറ്ററുടെ മര്‍ദ്ദനത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് മഹേഷും ശരത്തും സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ പമ്പ് ഓപ്പറേറ്റര്‍ മഹേഷിനെ ഭീഷണിപ്പെടുത്തി. പരാതി നല്‍കുകയോ കേസെടുപ്പിക്കുകയോ ചെയ്താല്‍ കാലും കൈയ്യും വെട്ടുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ പമ്പ് ഓപ്പറേറ്റര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.അതേസമയം മഹേഷിന്റെ പരാതിയെ പ്രതിരോധിക്കുന്നതിനായി പമ്പ് ഓപ്പറേറ്ററും സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Story Highlights : kerala kaumudi photographer beaten up by KSRTC worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here