സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തെന്ന് മാത്രമാണ് പറഞ്ഞത്; അദ്ദേഹത്തെ പിന്തുണച്ചിട്ടില്ല: മലക്കം മറിഞ്ഞ് തൃശൂർ മേയർ

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിൽ നിന്ന് മലക്കം മറിഞ്ഞ് തൃശൂർ കോപ്പറേഷനിലെ എൽഡിഎഫ് മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയെ താൻ പിന്തുണച്ചിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തെന്ന് മാത്രമാണ് പറഞ്ഞത് എന്നും അദ്ദേഹം പ്രതികരിച്ചു.
ചോദിച്ചതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഒരു കോടി രൂപ സുരേഷ് ഗോപി കോർപ്പറേഷന് തന്നു എന്ന് മാത്രമാണ് പറഞ്ഞത്. താൻ സ്വതന്ത്രനാണ്. നാട് നന്നാക്കാൻ ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങുക എന്നത് മാത്രമേ തൻ്റെ ലക്ഷ്യമുള്ളൂ. അതാണ് ഉദ്ദേശിച്ചത്. പിന്തുണ കൊടുക്കൽ അല്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.
മറ്റുള്ള സ്ഥാനാർത്ഥികളും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാർത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. സുനിൽകുമാർ എക്സ്ട്രാ ഓർഡിനറി മിടുക്കൻ. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് എംകെ വർഗീസ് പറഞ്ഞിരുന്നു. ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ എംകെ വർഗീസ് പറഞ്ഞു.
ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വാതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: mayor mk varghese clarify suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here