പ്ലസ് ടു അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമല്ല; കെഎം ഷാജിക്കെതിരെ സർക്കാർ സുപ്രിംകോടതി

പ്ലസ് ടു അഴിമതിക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. കെഎം ഷാജിയുടെ വാദം തെറ്റാണെന്നും കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരും മുൻ ഭാരവാഹികളുമാണ് കേസിലെ സാക്ഷികളെന്നും സർക്കാർ.
സംശയാസ്പദമായ ഇടപാടുകളാണ് കേസിൽ നടന്നിരിക്കുന്നതെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി തള്ളണമെന്ന ഷാജിയുടെ അപേക്ഷ അംഗീകരിക്കരുതെന്നും മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതി റദ്ദാക്കിയതെന്നും സർക്കാർ അപ്പീൽ പിഴയോടെ തള്ളണമെന്നും കെ.എം ഷാജി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാരാണ് അപ്പീൽ സമർപ്പിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ൽ സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
Story Highlights : Kerala government in Supreme Court against KM Shaji in Plus Two corruption case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here