യുപിയില്‍ ബിജെപിയെ ത്രിശങ്കുവിലാക്കി ആയിരങ്ങളുടെ വോട്ട് ബഹിഷ്‌കരണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ബഹിഷ്‌കരിച്ച് വോട്ടര്‍മാര്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ രാജ്പുത്ര, ത്യാഗി, സൈനിസ് എന്നീ ജാതികളുള്‍പ്പെടുന്ന ആയിരക്കണക്കിന് വോട്ടര്‍മാരാണ് ബിജെപിയെ ബഹിഷ്‌കരിക്കുന്നത്. തങ്ങളുടെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.(Rajput cast boycott bjp in loksabha election 2024 )
ഏപ്രില്‍ 7ന് സഹാരന്‍പൂരില്‍ വച്ച് രജപുത്ര സമുദായത്തില്‍പ്പെട്ടയാളുകള്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പത്ത് ശതമാനത്തോളം ജനസംഖ്യയുള്ള തങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണന നല്‍കിയില്ല എന്നതാണ് പ്രധാന ആരോപണം. രജപുത്ര സമുദായത്തിന് പുറമേ ത്യാഗി, സൈനി സമുദായങ്ങളും ബിജെപിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഇവരുടെ വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് വിഹിതം ബിജെപിക്ക് അനുകൂലമാകില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാതി സമവാക്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകേണ്ടതാണെങ്കിലും വോട്ട് ബഹിഷ്കരണത്തിലൂടെ ഇത്തവണ അത് മാറിമറിയും. പരമ്പരാഗതമായി ഭൂസ്വത്തുക്കൾ കൈവശമുള്ള രജപുത്ര സമുദായക്കാർ വളരെ സമ്പന്നരാണ്. വർഷങ്ങളായി ബിജെപിയുടെ വിശ്വസ്ത വോട്ടർമാർ.
തങ്ങള്‍ക്ക് വേണ്ട പ്രാതിനിധ്യം തന്നില്ലെന്ന് മാത്രമല്ല, മറ്റ് പ്രബല ഭൂവുടമകളായ ജാട്ടുകള്‍ക്കും ഗുജ്ജറുകള്‍ക്കും ഇടയില്‍ പിന്തുണ വര്‍ധിപ്പിക്കുന്നതിനാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് രജപുത്രന്മാരുടെ നീരസത്തിന് കാരണം. മുസഫര്‍നഗറില്‍ ബിജെപിയുടെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ജാട്ട് വിഭാഗത്തില്‍ പെട്ട സഞ്ജീവ് ബല്യനെ പരാജയപ്പെടുത്താനുള്ള പരിശ്രമത്തിലാണ് രജപുത്ര സമുദായം.
Read Also: ഒരിക്കൽ സ്വന്തം സാമ്രാജ്യമായിരുന്ന അമേഠിയിലും റായ് ബറേലിയിലും മുട്ടിടിച്ച് ഗാന്ധി കുടുംബം
സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യത്തിനായി ഗുജ്ജറുകള്‍ക്കും ജാട്ടുകള്‍ക്കുമൊപ്പം മത്സരിക്കുന്ന രജപുത് സമുദായം വര്‍ഷങ്ങളായി ഈ പോരാട്ടത്തിലാണ്. 2014ല്‍ കേന്ദ്രത്തിലും 17ല്‍ സംസ്ഥാനത്തും ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ മാറിയ ജാതി രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പാണ് രജ്പുത്രന്മാര്‍ക്ക്. 2013ലെ മുസാഫര്‍നഗര്‍ കലാപത്തിലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത് ജാട്ടുകളിലായിരുന്നുവെന്നാണ് രജപുത്രരുടെ വാദം. യുപിയില്‍ ഒബിസി, ദലിതര്‍, മുസ്ലിംകള്‍ എന്നിവരോളം വലിയ ജനസംഖ്യാശക്തിയല്ല രജപുത്രര്‍. രാഷ്ട്രീയ പരിഗണനയില്‍ ജാട്ടുകളെക്കാള്‍ താഴെയും. പക്ഷേ ദേശീയതയും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രജപുത്ര സമുദായം ബിജെപിയോട് പുറംതിരിഞ്ഞുനില്‍ക്കാനുള്ള കാരണങ്ങള്‍ ഉറച്ച ജാതിബോധവും അതിന് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പ്രാധാന്യത്തിന്റെ ഉറച്ച ബോധ്യവുമാണ്
Story Highlights : Rajput cast boycott bjp in loksabha election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here